You are currently viewing ഐസ്‌ലൻഡിൽ ഇയു അംഗത്വ ചർച്ചകൾ പുനരാരംഭിക്കേണ്ടെന്ന് ജനവിധി

ഐസ്‌ലൻഡിൽ ഇയു അംഗത്വ ചർച്ചകൾ പുനരാരംഭിക്കേണ്ടെന്ന് ജനവിധി

റെയ്‌ക്യാവിക്: യൂറോപ്യൻ യൂണിയൻ (ഇയു) അംഗത്വത്തിനായുള്ള ചർച്ചകൾ പുനരാരംഭിക്കേണ്ടതില്ലെന്ന് ഐസ്‌ലൻഡുകാർ വോട്ട് ചെയ്തു. അന്തിമ ഫലപ്രകാരം 52.8 ശതമാനം പേർ ചർച്ചകൾ പുനരാരംഭിക്കുന്നതിനെ എതിർത്തപ്പോൾ 47.2 ശതമാനം പേർ അനുകൂലിച്ചു. ഏകദേശം 2.7 ലക്ഷം പേർക്ക് വോട്ടവകാശമുണ്ടായിരുന്നു.

2013 മുതൽ നിർത്തിവച്ചിരിക്കുന്ന ഇയു അംഗത്വ ചർച്ചകൾ പുനരാരംഭിക്കണമോ എന്നതായിരുന്നു ജനവിധിയിലെ പ്രധാന ചോദ്യം. ഫലം അംഗത്വനടപടികൾ മരവിപ്പിക്കുന്നതിനാണ് വഴിയൊരുക്കിയത്.

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിൽ ഇയു അംഗത്വത്തിനെതിരായ നിലപാട് ശക്തമായിരുന്നു. പ്രത്യേകിച്ച് മത്സ്യബന്ധന അവകാശങ്ങളും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണവും ഇയു അംഗത്വം ബാധിക്കുമെന്ന ആശങ്കയാണ് ഇവിടെ പ്രധാനമായും ഉയർന്നത്. അതേസമയം തലസ്ഥാനമായ റെയ്‌ക്യാവിക്കിൽ ഇയു ചർച്ചകൾ പുനരാരംഭിക്കുന്നതിനെ അനുകൂലിച്ചായിരുന്നു ഭൂരിപക്ഷ നിലപാട്.

നിലവിൽ ഇയു അംഗമല്ലെങ്കിലും യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA) അംഗമായതിനാൽ ഐസ്‌ലൻഡിന് യൂറോപ്യൻ ഏകവിപണിയിലേക്ക് പ്രവേശനമുണ്ട്. ഷെൻഗൻ മേഖലയിലെ അംഗത്വത്തിലൂടെ യൂറോപ്പിലെ സ്വതന്ത്ര സഞ്ചാരത്തിനും രാജ്യത്തിന് സൗകര്യമുണ്ട്. അതിനാൽ പൂർണ ഇയു അംഗത്വമില്ലാതെയും യൂറോപ്യൻ വിപണിയുമായും യാത്രാ സംവിധാനങ്ങളുമായും അടുത്ത ബന്ധം നിലനിർത്താൻ ഐസ്‌ലൻഡിന് കഴിയുന്നുണ്ട്.

ജനവിധിയുടെ ഫലം 2028 വരെ സർക്കാർ മാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സമീപകാലത്തേക്ക് ഐസ്‌ലൻഡിന്റെ ഇയു അംഗത്വ ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

Leave a Reply