You are currently viewing ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

ഔദ്യോഗിക സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുന്നതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള കർശനമായ പ്രോട്ടോക്കോൾ പാലിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കുന്നത് സർക്കാരിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമല്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ ഭരണഘടനാ പദവിയിലുള്ളവർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ പാലിക്കേണ്ട നിശ്ചിത പ്രോട്ടോക്കോളിന്റെ ഭാഗമായാണ് ഗാനം പൂർണ്ണമായി ആലപിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വന്ദേമാതരത്തിന്റെ ഔദ്യോഗിക പതിപ്പിൽ ആറ് ഈരടികളാണുള്ളത്. നേരത്തെ കേരള നിയമസഭയിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലും ഗാനം ചുരുക്കി ആലപിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക സമാപന ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കാനുള്ള തീരുമാനം സംബന്ധിച്ച് മന്ത്രി വിശദീകരണം നൽകിയത്.

Leave a Reply