You are currently viewing ‘കേരളം… കേരളം’ പാട്ടിന്റെ രചയിതാവിന്റെ പേര് പറയാത്തതിൽ സുരേഷ് ഗോപിക്കെതിരെ ശ്രീകുമാരൻ തമ്പി

‘കേരളം… കേരളം’ പാട്ടിന്റെ രചയിതാവിന്റെ പേര് പറയാത്തതിൽ സുരേഷ് ഗോപിക്കെതിരെ ശ്രീകുമാരൻ തമ്പി

കേരളത്തിന്റെ പേര് ‘കേരളം’ എന്ന നിലയിൽ പൂർണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ‘കേരളം കേരളം, കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ചതിനെ വിമർശിച്ച് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഗാനം ആലപിച്ചപ്പോൾ അതിന്റെ രചയിതാവായ തന്റെ പേര് പരാമർശിക്കാതിരുന്നതിലാണ് ശ്രീകുമാരൻ തമ്പിയുടെ വിമർശനം.

പാർലമെന്റിൽ കേരളത്തിന്റെ പേരുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്തോഷം പ്രകടിപ്പിച്ച സുരേഷ് ഗോപി മലയാള സാഹിത്യ-സംഗീത രംഗത്തെ പ്രമുഖരായ എം.ടി. വാസുദേവൻ നായർ, ജോൺസൺ, വയലാർ, ജി. ദേവരാജൻ തുടങ്ങിയവരെ അനുസ്മരിച്ചെന്നും ശ്രീകുമാരൻ തമ്പി തന്റെ കുറിപ്പിൽ പറയുന്നു. എന്നാൽ ‘കേരളം കേരളം’ എന്ന ഗാനം എഴുതിയത് താനാണെന്ന് പറയാതെ തന്നെ ‘ഒരു മഹാകവി’ എന്ന വിശേഷണത്തിൽ ഒതുക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ഗാനം ആലപിക്കുന്നതിന് മുൻപ് വയലാറിന്റെയും ദേവരാജന്റെയും പേരുകൾ പരാമർശിച്ചതിനാൽ ഗാനം വയലാറിന്റേതാണെന്ന് ആളുകൾ തെറ്റിദ്ധരിക്കട്ടെയെന്ന ഉദ്ദേശം ഉണ്ടായിരുന്നിരിക്കാമെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു.

സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിലെ തുടക്കകാലത്ത് തനിക്ക് നൽകിയ പിന്തുണയും ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു. മോഹൻലാലിനെ നായകനാക്കി താൻ നിർമിച്ച് സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ പ്രധാന വില്ലനാക്കിയതായി അദ്ദേഹം പറഞ്ഞു.

തുടർന്ന് ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് താൻ നിർബന്ധിച്ചെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ താൻ നിർവഹിച്ച ചിത്രമായിരുന്നു ‘അക്ഷരത്തെറ്റ്’. സുരേഷ് ഗോപി ആദ്യമായി നായകനായി എത്തിയ ചിത്രവും ഇതായിരുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമകുറിപ്പിൽ പറയുന്നു.

‘അക്ഷരത്തെറ്റ്’ റിലീസ് ചെയ്ത ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററിൽ സിനിമ കണ്ടശേഷം തന്നെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ച സംഭവം ഇന്നും ഓർമയിലുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

“ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കേണ്ട എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നുകാണും. പക്ഷെ എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” എന്നാണ് ശ്രീകുമാരൻ തമ്പിയുടെ പരിഹാസം കലർന്ന പ്രതികരണം.

‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ എന്ന വരികളും തന്റേതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണെന്നും പരിഹസിച്ചു.

കേരളത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗാനങ്ങളുടെ രചയിതാവെന്ന നിലയിൽ തന്റെ സംഭാവനകൾ മറക്കരുതെന്ന സന്ദേശമാണ് ശ്രീകുമാരൻ തമ്പിയുടെ കുറിപ്പിലൂടെ ഉയരുന്നത്.

Leave a Reply