You are currently viewing ഓണക്കാലത്ത് റെക്കോർഡ് വരുമാനവുമായി കെ.എസ്.ആർ.ടി.സി.; ഒറ്റദിവസം 10.82 കോടി രൂപ

ഓണക്കാലത്ത് റെക്കോർഡ് വരുമാനവുമായി കെ.എസ്.ആർ.ടി.സി.; ഒറ്റദിവസം 10.82 കോടി രൂപ

തിരുവനന്തപുരം: ഓണക്കാല സർവീസുകളിൽ റെക്കോർഡ് ടിക്കറ്റ് വരുമാനം നേടി കെ.എസ്.ആർ.ടി.സി. ഓഗസ്റ്റ് 31 തിങ്കളാഴ്ച 10.82 കോടി രൂപയാണ് കോർപ്പറേഷൻ ടിക്കറ്റ് ഇനത്തിൽ വരുമാനമായി നേടിയത്. ആകെ കളക്ഷൻ 1081.82 ലക്ഷം രൂപയാണ്.

കഴിഞ്ഞ വർഷം ഇതേ ഓണക്കാല തിങ്കളാഴ്ചയായ സെപ്റ്റംബർ 8ന് 10.19 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 62.62 ലക്ഷം രൂപയുടെ വർധനവാണ് ഉണ്ടായത്. 6.14 ശതമാനമാണ് വരുമാന വർധന.

വരുമാന കാര്യക്ഷമതയിലും കെ.എസ്.ആർ.ടി.സി. മുന്നേറ്റം രേഖപ്പെടുത്തി. ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനം (EPB) 23,477 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 22,123 രൂപയായിരുന്നു. ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം (EPKM) 69.09 രൂപയായും ഉയർന്നു. കഴിഞ്ഞ വർഷം ഇത് 64.89 രൂപയായിരുന്നു.

ഓഗസ്റ്റ് 31ന് 4,641 ബസുകളാണ് സർവീസ് നടത്തിയത്. 4,461 ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്തു. കഴിഞ്ഞ വർഷം ഇതേ ദിവസം 4,528 ബസുകളും 4,417 ഷെഡ്യൂളുകളുമായിരുന്നു സർവീസ് നടത്തിയത്.

ഓണക്കാലത്തെ ഉയർന്ന യാത്രാ ആവശ്യകത കണക്കിലെടുത്ത് നേരത്തെ ഒരുക്കിയ അധിക, സ്പെഷ്യൽ സർവീസുകൾ, ഷെഡ്യൂൾ പാലനത്തിലെ കൃത്യത, ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള തത്സമയ നിരീക്ഷണം എന്നിവയാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണങ്ങളെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. ഓണാഘോഷത്തിന് ശേഷമുള്ള മടക്കയാത്രാ തിരക്കും പരമാവധി പ്രയോജനപ്പെടുത്താൻ കോർപ്പറേഷന് കഴിഞ്ഞു.

ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും ശമ്പളവും അലവൻസുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നതിലും സർക്കാരും ഗതാഗത വകുപ്പും സ്വീകരിച്ച നടപടികൾ ജീവനക്കാർക്ക് ആത്മവിശ്വാസം നൽകിയതായും കെ.എസ്.ആർ.ടി.സി. വ്യക്തമാക്കി.

റെക്കോർഡ് നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാർക്കും കോർപ്പറേഷനിൽ വിശ്വാസമർപ്പിച്ച യാത്രക്കാർക്കും പിന്തുണ നൽകിയ എല്ലാവർക്കും കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിംഗ് ഡയറക്ടറും നന്ദി അറിയിച്ചു.

Leave a Reply