
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും മോശമായി പെരുമാറിയെന്ന പരാതിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. രേഖ കൃഷ്ണനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ നിർദേശം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി.

പനിയും കടുത്ത ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അർധരാത്രിയിൽ കാഷ്വാലിറ്റിയിലെത്തിയ രോഗിയോടാണ് ഡോക്ടർ മോശമായി പെരുമാറിയതെന്നാണ് ആരോപണം. പനിയും ശരീരവേദനയും അടിയന്തര സാഹചര്യമല്ലെന്നും, തോന്നിയതുപോലെ ആളുകൾക്ക് കാഷ്വാലിറ്റിയിലേക്ക് കയറിവരാനുള്ളതല്ലെന്നും ഡോക്ടർ പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രോഗിക്ക് ഹൃദ്രോഗമുണ്ടെന്ന് ഭാര്യ അറിയിച്ചിട്ടും ഡോക്ടർ പരിഹാസരൂപത്തിൽ പ്രതികരിച്ചതായും ആരോപണമുണ്ട്. വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നു. ഡി.വൈ.എഫ്.ഐ., ബി.ജെ.പി. ഉൾപ്പെടെയുള്ള സംഘടനകൾ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.
സംഭവത്തിന്റെ വീഡിയോ പരിശോധിച്ച ആശുപത്രി സൂപ്രണ്ട് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തുടർന്ന് ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തി.
ആശുപത്രി സൂപ്രണ്ടിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടത്. സംഭവത്തിൽ തുടർനടപടികൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.