
തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. തമിഴ്നാട് ഡിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 11.40ഓടെയായിരുന്നു അപകടം. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഡൈവേർഷൻ ഏർപ്പെടുത്തിയിരുന്ന ഭാഗത്തിന് സമീപം മുന്നറിയിപ്പ് ബോർഡുകളോ മതിയായ വെളിച്ചമോ ഇല്ലാതെ ലോറി നിർത്തിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ലോറി അലക്ഷ്യമായും അനധികൃതമായും നിർത്തിയിട്ടിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്.
മരിച്ചവരിൽ സേലം സ്വദേശി വിശ്വം (20), ഡിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), പ്രസന്ന, ഡിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെ പ്രാഥമികമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണവും റോഡ് സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചകളും ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.