You are currently viewing മാസപ്പടി കേസ്: പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി ഇഡി

മാസപ്പടി കേസ്: പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡിജിപിക്ക് കത്ത് നൽകി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേരള ഡിജിപിക്ക് ഔദ്യോഗികമായി കത്ത് നൽകി.

പിണറായി വിജയന് പുറമെ മകൾ വീണ ടി., മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ്, എക്സാലോജിക് സൊല്യൂഷൻസിലെ മുതിർന്ന ജീവനക്കാർ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് ഡിജിപിക്ക് കത്ത് നൽകിയതെന്നാണ് റിപ്പോർട്ട്.

കൊച്ചിൻ മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് യാതൊരു സേവനവും നൽകാതെയാണ് വീണ ടി.യുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് ഐടി കൺസൾട്ടൻസി എന്ന പേരിൽ ₹2.78 കോടി രൂപ കൈപ്പറ്റിയതെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.

ഈ തുക പിണറായി വിജയന് ലഭിച്ച അഴിമതിപ്പണത്തിന്റെ ഭാഗമാണെന്നും, ആകെ ഏകദേശം ₹3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചിട്ടുണ്ടെന്നും ഇഡി ആരോപിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇടപാടുകളുടെ യഥാർഥ സ്വഭാവവും പണം കൈമാറിയ രീതിയും സംബന്ധിച്ചാണ് അന്വേഷണം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎ-യിലെ സെക്ഷൻ 66(2) പ്രകാരമാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് വിവരങ്ങൾ കൈമാറിയിരിക്കുന്നത്. അന്വേഷണത്തിനിടെ ലഭിച്ച ഹവാല ഇടപാടുകളുടെ രേഖകൾ, ദുബായിലേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട ഡയറി കുറിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകളും പൊലീസിന് കൈമാറിയതായി റിപ്പോർട്ടുണ്ട്.

ഇഡിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം.

ഇതിനിടെ,മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ ആരോപണങ്ങൾ പിണറായി വിജയനും സിപിഐഎമ്മും നേരത്തെ തന്നെ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രതികാരബുദ്ധിയോടെയുള്ള നടപടിയാണ് ഇഡിയുടേതെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply