
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ജാതീയ മനോഭാവത്തോടെ ‘ശുദ്ധീകരിച്ച’ സംഭവത്തിൽ ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്.

ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്താണ് സംഭവം നടന്നത്. ഖാർഗെ പ്രസംഗിച്ച വേദി പിന്നീട് ‘ശുദ്ധീകരിച്ച’ നടപടി ഒരു വ്യക്തിക്കെതിരായ അധിക്ഷേപം മാത്രമല്ലെന്നും സമത്വം, സാമൂഹിക നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളിയാണെന്നും കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതേത്തുടർന്ന് കോൺഗ്രസ് എംപിമാർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
എംപിമാരായ മല്ലു രവി, എഐസിസി സെക്രട്ടറി കൂടിയായ എസ്‌സി–എസ്ടി ദേശീയ കോ-ഓർഡിനേറ്റർ കെ. രാജു എന്നിവർ ഉൾപ്പെടെ ഇരുപതോളം എംപിമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പരാതി സ്വീകരിച്ചിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതിൽ പ്രതിഷേധിച്ച് ഏകദേശം മൂന്നര മണിക്കൂറോളം എംപിമാർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 17 തൊട്ടുകൂടായ്മ നിരോധിച്ചിട്ടുള്ള രാജ്യത്ത് ജാതിയുടെ പേരിൽ ഒരാളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന നടപടികൾക്കെതിരെ നിയമം കർശനമായി നടപ്പാക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉത്തരാഖണ്ഡ് പൊലീസ് നൈനിറ്റാൾ സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി കോൺഗ്രസ് അറിയിച്ചു. തുടർന്ന് ഡൽഹിയിലും സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായെന്നും നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കോൺഗ്രസിലെ എസ്‌സി–എസ്ടി വിഭാഗങ്ങളിൽപ്പെട്ട 42 എംപിമാരുടെ യോഗത്തിലും വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം.
ജാതീയ വിവേചനത്തിനും തൊട്ടുകൂടായ്മയുടെ ഏത് രൂപത്തിനുമെതിരെ കോൺഗ്രസ് ശക്തമായി നിലകൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇത് മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ലെന്നും രാജ്യത്തെ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക, സാമൂഹിക നീതി ഉറപ്പാക്കുക, ജാതീയ വിവേചനത്തിനെതിരെ പോരാടുക എന്ന മുദ്രാവാക്യത്തോടെയാണ് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്.