You are currently viewing സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; സർവീസുകൾ പൂർണമായി നിർത്തും

സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; സർവീസുകൾ പൂർണമായി നിർത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണമായി നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ബസ് ഉടമകൾ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി. നടപ്പാക്കിയ ‘പ്രിയദർശിനി’ പദ്ധതിയടക്കമുള്ള നടപടികൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു.

സമര പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കും. തുടർന്ന് മറ്റ് സ്വകാര്യ ബസ് സംഘടനകളുമായും ചർച്ച നടത്തി സംയുക്തമായി അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. സമരത്തിന്റെ കൃത്യമായ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘടന അറിയിച്ചു.

നിലവിലെ മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. നിരക്ക് വർധനയില്ലാതെ നിലവിലെ ചെലവിൽ സർവീസ് നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഉടമകളുടെ വാദം.

വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവും അടിയന്തരമായി പരിഗണിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വർഷമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.

സ്വകാര്യ ബസുകൾക്ക് ഡീസൽ സബ്‌സിഡി അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇന്ധനച്ചെലവ് ഉൾപ്പെടെ പ്രവർത്തനച്ചെലവുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ സബ്‌സിഡി അനുവദിച്ചില്ലെങ്കിൽ മേഖലയിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ആർ.ടി.സി. സാധാരണ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയിലെ വരുമാനം ഗണ്യമായി കുറഞ്ഞെന്നാണ് ഉടമകളുടെ ആരോപണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 120 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പറയുന്നു.

പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളിലും ബസ് ഉടമകൾ അസംതൃപ്തി രേഖപ്പെടുത്തി. റൂട്ടുകളും സമയക്രമങ്ങളും പുതുക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിനെടുക്കുക തുടങ്ങിയ നിർദേശങ്ങൾ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് സംഘടനയുടെ നിലപാട്.

വരുമാനം കുറഞ്ഞതോടെ പല ബസ് ഉടമകൾക്കും ബാങ്ക് വായ്പകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളുടെയും ഇ.എം.ഐ. കൃത്യമായി അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സംഘടന പറയുന്നു. ഇതേത്തുടർന്ന് ധനകാര്യ സ്ഥാപനങ്ങൾ ബസുകൾ കസ്റ്റഡിയിലെടുക്കുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്നാണ് ഉടമകളുടെ ആരോപണം.

പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സർവീസുകൾ പൂർണമായി നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് പോകുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.

Leave a Reply