
യുഎസ് സൈന്യം അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ മുക്കിയതിന് പ്രതികാരമായി ഹോർമുസ് കടലിടുക്കിനു സമീപം 10 കപ്പലുകളെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ജൂലൈക്കു ശേഷം ആദ്യമായി ബാരലിന് 100 ഡോളർ കടന്നു.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അമേരിക്കയുടെ രണ്ട് കപ്പലുകളും എട്ട് എണ്ണക്കപ്പലുകളും ഉൾപ്പെടെ 10 എണ്ണം ആക്രമിച്ചതായി ബുധനാഴ്ച അറിയിച്ചു. യുഎസ് നാവിക യുദ്ധക്കപ്പലിനു നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താൻ ഇറാൻ രണ്ടുതവണ ശ്രമിച്ചതിന്റെ തിരിച്ചടിയായാണ് യുഎസ് സെൻട്രൽ കമാൻഡ് (സെൻറ്‌കോം) ചൊവ്വാഴ്ച ഗൾഫ് ഓഫ് ഒമാനിലും ഖർഗ് ദ്വീപിനു സമീപവും ഇറാനിയൻ എണ്ണക്കപ്പലുകൾ ആക്രമിച്ചത്.

ജിബ്രാൾട്ടർ പതാകവാഹക കപ്പലായ ഹെർക്കുലീസ് സ്റ്റാറിലെ ഒരു ജീവനക്കാരൻ ആക്രമണത്തിൽ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. ജോർദാനിലെ യുഎസ് സൈനിക താവളത്തിനു നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി. ആറുമാസം പിന്നിട്ട യുഎസ്-ഇറാൻ യുദ്ധത്തിനിടയിലെ ഏറ്റവും വലിയ കടൽ ആക്രമണ പരമ്പരയാണിതെന്ന് റോയിട്ടേഴ്‌സും അൽ ജസീറയും അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് വില ഏകദേശം 101 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്കാൾ വളരെ കുറഞ്ഞ നിലയിലാണ് തുടരുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിതരണത്തിന്റെ ഗണ്യമായ പങ്ക് ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.