
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന പ്രസാദങ്ങളുടെ ഗുണനിലവാരം ഏകീകരിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് (HR&CE) വകുപ്പ് പുതിയ മാസ്റ്റർ പദ്ധതി അവതരിപ്പിച്ചു. ലഡ്ഡു, മുറുക്ക് ഉൾപ്പെടെ സാധാരണയായി വിതരണം ചെയ്യുന്ന 10 തരത്തിലുള്ള പ്രസാദങ്ങൾക്ക് പാചകരീതി, ചേരുവകളുടെ അനുപാതം, അളവ്, വില എന്നിവ ഏകീകരിക്കാനാണ് തീരുമാനം.

വിവിധ ക്ഷേത്രങ്ങളിൽ പ്രസാദങ്ങളുടെ രുചിയിലും ഗുണനിലവാരത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ച് ഭക്തരിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഒരേ നിലവാരത്തിലുള്ള പ്രസാദം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രസാദങ്ങളുടെ നിർമാണം പുറത്തുള്ള ഏജൻസികളെ ഏൽപ്പിക്കുന്നതിന് പകരം ക്ഷേത്രങ്ങളിൽ തന്നെ തയ്യാറാക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. ശുദ്ധമായ ആവിണ്‍ നെയ്യും സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗുണനിലവാരമുള്ള മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കണമെന്നാണ് നിർദേശം.
ഓരോ പ്രസാദത്തിന്റെയും നിർമാണത്തിനായി നിശ്ചിത ബാച്ച് അളവുകളും വിലയും നിശ്ചയിക്കും.
പരിസ്ഥിതി സൗഹൃദ പാക്കേജിങ് സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. ഇതിലൂടെ പ്രസാദങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം വിലയിലും നിർമാണരീതിയിലും കൂടുതൽ സുതാര്യത കൊണ്ടുവരാനാണ് എച്ച്ആർ & സിഇ
വകുപ്പ് ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ 10-11 തീയതികളിൽ പ്രഖ്യാപിച്ച മാസ്റ്റർ പദ്ധതിയുടെ ഭാഗമായി ക്ഷേത്രങ്ങളിലെ പ്രസാദ വിതരണ സംവിധാനം കൂടുതൽ ക്രമബദ്ധമാക്കാനും ഭക്തരുടെ അനുഭവം മെച്ചപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.