You are currently viewing പുനരുപയോഗ ഊർജ പദ്ധതികൾ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്

പുനരുപയോഗ ഊർജ പദ്ധതികൾ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്

കേരളത്തിന്റെ ദീർഘകാല ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫ്‌ളോട്ടിംഗ് സോളാർ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. സംസ്ഥാന സർക്കാർ 2026-27 ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച ‘റീഇമാജിനിംഗ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസിലെ പുനരുപയോഗ ഊർജ സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രവും കാലാവസ്ഥാ സാഹചര്യങ്ങളും പരിഗണിച്ചുള്ള നൂതന പദ്ധതികളിലൂടെ മാത്രമേ ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂവെന്ന് മന്ത്രി പറഞ്ഞു. സ്ഥലലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനവും കാരണം സൗരോർജ, കാറ്റാടി പദ്ധതികൾ വലിയ തോതിൽ നടപ്പാക്കുന്നതിന് പരിമിതികളുണ്ട്.

ഫ്‌ളോട്ടിംഗ് സോളാർ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കമ്മ്യൂണിറ്റി തലത്തിലുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ ഊർജ പ്രതിസന്ധിക്ക് ഏറ്റവും പ്രായോഗികമായ പരിഹാരങ്ങളിലൊന്നായി ഊർജ സംരക്ഷണത്തെ സർക്കാർ നയത്തിന്റെ ഭാഗമാക്കണമെന്ന് ഊർജ വകുപ്പ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ജി. രാജമാണിക്യം ഐ.എ.എസ്. പറഞ്ഞു. പുരപ്പുറ സോളാർ സംവിധാനങ്ങൾ സ്ഥാപിക്കുന്നവരിൽ പലർക്കും തങ്ങളുടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈദ്യുതി ഉപഭോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുകയും ഊർജ സംരക്ഷണത്തിന് ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുനരുപയോഗ ഊർജ മേഖലയിലെ വിദഗ്ധർ, അനർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്., കെഎസ്ഇബിഎൽ ഡയറക്ടർമാരായ രാജീവ് കെ.ആർ., ബിജു ആർ.ആർ., ആർഇഎസ് ആൻഡ് പിഇഡി ചീഫ് എൻജിനീയർ ആശ പി.എ. തുടങ്ങിയവർ സെഷനിൽ പങ്കെടുത്തു.

Leave a Reply