
ഹുബ്ബള്ളി: കർണാടക സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഛർദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം ശനിയാഴ്ചത്തെ ഔദ്യോഗിക പരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.

ഹുബ്ബള്ളിയിലെ ഗബ്ബൂരിൽ കെഎൽഇ ജഗദ്ഗുരു ഗംഗാധർ മഹാസ്വാമിഗളു മൂരുസാവിരമഠ മെഡിക്കൽ കോളജിന്റെ പുതിയ അക്കാദമിക് കെട്ടിടവും 1,200 കിടക്കകളുള്ള കെഎൽഇ ആശുപത്രിയും ഉദ്ഘാടനം ചെയ്യാനായിരുന്നു ഷായുടെ പരിപാടി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയടക്കമുള്ള നേതാക്കൾ ചടങ്ങുകൾ നിർവഹിച്ചു.

തുടർന്ന് ബെളഗാവി ജില്ലയിലെ എക്സാംബയിൽ ശ്രീ ബീരേശ്വര സഹകരണ ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ഷായുടെ യാത്രയും റദ്ദാക്കി. ഹോട്ടലിൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്ന ഷായുടെ ആരോഗ്യനില പിന്നീട് മെച്ചപ്പെട്ടതായി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് ഛർദിയുണ്ടായതിനാലാണ് ക്ഷീണം അനുഭവപ്പെട്ടതെന്നും ഇപ്പോൾ അദ്ദേഹം “പൂർണമായും സുഖം” പ്രാപിച്ചെന്നും ജോഷി പറഞ്ഞു.
വൈകിട്ടോടെ ഷാ ഹുബ്ബള്ളിയിലെ കെഎൽഇ ക്യാമ്പസിൽ ഹ്രസ്വ സന്ദർശനം നടത്തി. തുടർന്ന് പ്രത്യേക വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് മടങ്ങി.