
പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലെ പള്ളി സെമിത്തേരികളിൽ നിന്ന് കല്ലറകളുടെ ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വീണ്ടും വിൽപന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ കീഴ്‌വായ്പൂർ പോലീസ് പിടികൂടി. മല്ലപ്പള്ളിയിൽ ‘മാതാ ഗ്രാനൈറ്റ്സ്’ എന്ന സ്ഥാപനം നടത്തുന്ന ഗ്രാനൈറ്റ് വ്യാപാരികളും തൊഴിലാളികളുമാണ് അറസ്റ്റിലായത്.

കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് ബർമാൻ, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.

ഗ്രാനൈറ്റ് ക്ഷാമം രൂക്ഷമായതോടെയാണ് സംഘം പള്ളി സെമിത്തേരികളിലെ കല്ലറകൾ ലക്ഷ്യമിട്ടതെന്നാണ് പോലീസ് കണ്ടെത്തൽ. ഗ്രാനൈറ്റ് സ്ഥാപിക്കുന്ന സമയത്തുതന്നെ പിന്നീട് എളുപ്പത്തിൽ ഇളക്കിമാറ്റാൻ കഴിയുന്ന രീതിയിലാണ് സംഘം സ്ലാബുകൾ സ്ഥാപിച്ചിരുന്നത്. തുടർന്ന് ആവശ്യമായ സമയത്ത് അവ ഇളക്കിയെടുത്ത് മറ്റിടങ്ങളിലെ കല്ലറകളിൽ വീണ്ടും സ്ഥാപിക്കുകയായിരുന്നു.
ഒരു കല്ലറയിൽ ഗ്രാനൈറ്റ് സ്ഥാപിക്കുന്നതിന് ഏകദേശം 45,000 രൂപ വരെ സംഘം ഈടാക്കിയിരുന്നതായാണ് വിവരം. മോഷ്ടിച്ച ഗ്രാനൈറ്റ് സ്ലാബുകൾ സ്വന്തം കാറിൽ പ്രത്യേക രീതിയിൽ സീറ്റുകൾ ക്രമീകരിച്ചാണ് കടത്തിയിരുന്നത്.
മല്ലപ്പള്ളി മേഖലയിലെ മൂന്ന് പള്ളികളിലാണ് സമാന രീതിയിൽ മോഷണം നടന്നതെന്ന് പോലീസ് കണ്ടെത്തി. ആനിക്കാട് നൂറോമാവ് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടന്ന മൂന്നാമത്തെ മോഷണക്കേസിന്റെ അന്വേഷണത്തിനിടെയാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
തുടർന്ന് കീഴ്‌വായൂർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഗ്രാനൈറ്റ് കടയ്ക്കുള്ളിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് പോലീസ് സംഘം ഇവരെ വളഞ്ഞ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.