
കൊച്ചി: കേരള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാൻ സർക്കാർ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും ഇതുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ ചർച്ചകൾക്കായി ലീഗൽ വിഭാഗം തയ്യാറാക്കിയ പ്രാഥമിക കരട് രേഖയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സർവകലാശാലയുടെ അന്തിമ തീരുമാനമോ മാർഗനിർദ്ദേശമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കരട് രേഖ ആദ്യം ഉപസമിതി വിശദമായി പരിശോധിക്കും. തുടർന്ന് വിദ്യാർത്ഥി സംഘടനകൾക്ക് കൈമാറി അവരുടെ അഭിപ്രായങ്ങൾ തേടും. ലഭിക്കുന്ന അഭിപ്രായങ്ങൾ പരിഗണിച്ച് വീണ്ടും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് രേഖ സമർപ്പിക്കുക. സിൻഡിക്കേറ്റ് അംഗീകരിച്ചാൽ മാത്രമേ അത് സർവകലാശാലയുടെ ഔദ്യോഗിക മാർഗനിർദ്ദേശമായി മാറുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
18 വയസ്സ് പൂർത്തിയായ ഒരു വിദ്യാർത്ഥിക്ക് രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള അവകാശമുണ്ടെന്നും അതുപോലെ തന്നെ ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശവും ഉണ്ടെന്നും റോജി എം. ജോൺ പറഞ്ഞു. നിലവിൽ രാജ്യത്തെ മുൻനിരയിലുള്ള നിരവധി രാഷ്ട്രീയ നേതാക്കൾ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് വളർന്നുവന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വസ്തുതകൾ പരിശോധിക്കുന്നതിന് മുമ്പ് വിഷയത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ‘‘കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന’’ രീതിയിലാണ് പ്രതിപക്ഷ നേതാവും ചില സി.പി.ഐ.എം നേതാക്കളും പ്രസ്താവനകൾ നടത്തുന്നതെന്നും റോജി എം. ജോൺ ആരോപിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു.