
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ഞായറാഴ്ചയുണ്ടായ ദുരന്തങ്ങളിൽ ആറ് പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. മലപ്പുറത്തും മലവെള്ളപ്പാച്ചിലിൽ ആളുകൾ ഒഴുക്കിൽപ്പെട്ടു.

ഇടുക്കി വട്ടവടയിലെ കൊട്ടാക്കമ്പൂർ അമ്മൻകോവിൽ പ്രദേശത്ത് ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് വൻ മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെ തുടർന്ന് കൃഷിയിടത്തിലെ താൽക്കാലിക ഷെഡിൽ അഭയം തേടിയ കുടുംബത്തിന് മുകളിലേക്ക് മലഞ്ചെരിവ് ഇടിഞ്ഞുവീഴുകയായിരുന്നു. കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലചന്ദ്രൻ (51), സഹോദരി ചിന്നു (38) എന്നിവർ മരിച്ചു. ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണിടിച്ചിലിനിടെ സമീപത്തെ വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റതായും റിപ്പോർട്ടുണ്ട്.

കോട്ടയം തീക്കോയി വെളത്തുശ്ശേരിയിലും ശക്തമായ മഴയ്ക്കിടെ മണ്ണിടിച്ചിലുണ്ടായി. മണ്ണിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ തേനി സ്വദേശിനി സംഗീത അരുൺലാൽ മരിച്ചു.
പൂഞ്ഞാർ തെക്കേക്കര ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലകാട്ട് ജോസഫ് (അപ്പച്ചൻ-80) മരിച്ചു. വീട്ടിലുണ്ടായിരുന്ന മക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി.
ഈരാറ്റുപേട്ട–വാഗമൺ റോഡിൽ കരിക്കാട് ടോപ്പിന് സമീപവും വൻതോതിൽ മണ്ണിടിഞ്ഞു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മണിക്കൂറുകളോളം ഗതാഗതം പൂർണമായി തടസ്സപ്പെടുകയും ചെയ്തു. വാഗമൺ മേഖലയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 157 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായാണ് വിവരം.
മലപ്പുറം ടി.കെ. കോളനിയിലെ കോട്ടപ്പുഴയിലും പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നാല് പേർ ഒഴുക്കിൽപ്പെട്ടു. ഇവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റു പല ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.