You are currently viewing കരുനാഗപ്പള്ളിയിൽ പോലീസിന് നേരെ ആക്രമണം; എസ്‌ഐയുടെ തലയ്ക്ക് ചുടുകട്ടകൊണ്ട് അടിയേറ്റു

കരുനാഗപ്പള്ളിയിൽ പോലീസിന് നേരെ ആക്രമണം; എസ്‌ഐയുടെ തലയ്ക്ക് ചുടുകട്ടകൊണ്ട് അടിയേറ്റു

കൊല്ലം കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ അടൂർ എസ്‌ഐ ജിനുവിന് ചുടുകട്ടകൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു എസ്‌ഐക്കും മുഖത്ത് പരിക്കേറ്റിട്ടുണ്ട്.

സെപ്റ്റംബർ 19 ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയായ റെജിൻ എന്ന ജെറിനെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി അടൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും എസ്‌ഐ ജിനുവും കരുനാഗപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു.

മഫ്തിയിലായിരുന്ന പോലീസ് സംഘം തങ്ങൾ പോലീസുകാരാണെന്ന് വ്യക്തമാക്കിയെങ്കിലും വീട്ടിലുണ്ടായിരുന്ന പ്രതിയും സ്ത്രീകളും ചേർന്ന് സംഘത്തെ തടയുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ പോലീസുകാരെ മർദിക്കുകയും കടിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാൾ ചുടുകട്ടകൊണ്ട് എസ്‌ഐ ജിനുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ മറ്റൊരു എസ്‌ഐയുടെ മുഖത്തെ അസ്ഥിക്കും പരിക്കേറ്റു.

തുടർന്ന് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് അക്രമികളെ കീഴടക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിലെ പ്രതിയായ റെജിൻ (ജെറിൻ), ഹർഷ, രേഷ്മ, രമ്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, പോലീസ് മഫ്തിയിൽ വീട്ടിലെത്തിയപ്പോൾ സംഘത്തോടൊപ്പം ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട ഒരാളും ഉണ്ടായിരുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Leave a Reply