
കോഴിക്കോട്: പെരുമണ്ണ പഞ്ചായത്തിലെ വെള്ളായിക്കോടിനെയും മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ മൂളപ്പുറത്തെയും ബന്ധിപ്പിച്ച് പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാക്കി കുന്നമംഗലം എംഎൽഎ റസാഖ് മാസ്റ്റർ. പ്രദേശം നേരിട്ട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വെള്ളായിക്കോട്–മൂളപ്പുറം മേഖലയിൽ പുഴ മുറിച്ചുകടക്കുന്നതിനുള്ള നിലവിലെ യാത്രാസൗകര്യങ്ങൾ പ്രദേശവാസികളുടെ ദിനചര്യയെയും യാത്രകളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നതായി എംഎൽഎ ചൂണ്ടിക്കാട്ടി. ഇരുകരകളിലുമായി താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് സുരക്ഷിതമായി പുഴ മുറിച്ചുകടക്കാൻ ഇവിടെ പാലം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

1994-ൽ വിവാഹസംഘം സഞ്ചരിച്ച തോണി മറിഞ്ഞ് ആറ് പേർ മരിച്ച ദുരന്തത്തിന്റെ ഓർമകളും ഈ കടവിനുണ്ടെന്ന് റസാഖ് മാസ്റ്റർ പറഞ്ഞു. വർഷങ്ങൾ പിന്നിട്ടിട്ടും പ്രദേശത്തെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണാനാകാത്തത് ഏറെ വിഷമകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിർണായക പദ്ധതിയായി പാലത്തെ കാണണമെന്നും റസാഖ് മാസ്റ്റർ പറഞ്ഞു. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയിൽ വിഷയം ഉടൻ എത്തിച്ച് ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ പാലം യാഥാർഥ്യമാകുന്നതിലൂടെ ഇരുജില്ലകളിലെയും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം പ്രദേശത്തിന്റെ വികസനത്തിനും ഗതാഗതബന്ധം ശക്തിപ്പെടുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.