
ന്യൂഡൽഹി: 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോകോത്തര ദേശീയപാത ശൃംഖല വികസിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, എക്സ്പ്രസ്വേകൾ ഒഴികെയുള്ള അതിവേഗ, ആക്സസ് നിയന്ത്രിത ദേശീയപാതകളുടെ ആസൂത്രണത്തിനും രൂപകൽപ്പനയ്ക്കുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) സമഗ്ര മാർഗനിർദേശങ്ങൾ പുറത്തിറക്കി.

അതിവേഗ ദേശീയപാത ഇടനാഴികളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ (ഡിപിആർ) തയ്യാറാക്കുന്നതിൽ ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരികയും സാങ്കേതിക, സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങളിൽ കൂടുതൽ ഏകോപനം ഉറപ്പാക്കുകയുമാണ് പുതിയ മാർഗനിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.

ഭാവിയിൽ നിർമിക്കുന്ന നാല്, ആറ് വരി ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് അതിവേഗ ആക്സസ് നിയന്ത്രിത ദേശീയപാത പദ്ധതികൾക്ക് മാർഗനിർദേശങ്ങൾ ബാധകമായിരിക്കും.
എക്സ്പ്രസ്വേകൾ ഒഴികെയുള്ള ആക്സസ് നിയന്ത്രിത അതിവേഗ ദേശീയപാതകളുടെ ആസൂത്രണത്തിനും രൂപകൽപ്പനയ്ക്കും നിലവിൽ പ്രത്യേക മാനദണ്ഡങ്ങൾ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ കൊണ്ടുവന്നത്.
അതിവേഗ ഗതാഗതത്തിന് അനുയോജ്യമായ അധിക സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ പൊതുവായ സാങ്കേതിക ചട്ടക്കൂട് പുതിയ മാർഗനിർദേശങ്ങളിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യം.
2047-ഓടെ ഏകദേശം 50,000 കിലോമീറ്റർ ആക്സസ് നിയന്ത്രിത അതിവേഗ ഇടനാഴികൾ വികസിപ്പിക്കുകയെന്ന ദീർഘകാല പദ്ധതിയുമായി പുതിയ മാർഗനിർദേശങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതീക്ഷിക്കുന്ന ഗതാഗതത്തിരക്കിന്റെ അടിസ്ഥാനത്തിൽ ദേശീയപാതകളുടെ ഘടനയും വീതിയും ഏകീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
15,000 വാഹനങ്ങൾ വരെയുള്ള ഗതാഗതമുള്ള നാലുവരി പാതയ്ക്കും നാലുവരി നിർമിതികൾക്കും 60 മീറ്റർ വീതി
15,000 മുതൽ 25,000 വരെ വാഹനങ്ങളുള്ള നാലുവരി പാതയ്ക്കും ആറുവരി നിർമിതികൾക്കും 70 മീറ്റർ വീതി
25,000 മുതൽ 40,000 വരെ വാഹനങ്ങളുള്ള ആറുവരി പാതയ്ക്കും ആറുവരി നിർമിതികൾക്കും 70 മീറ്റർ വീതി
എൻട്രി,എക്സിറ്റ് വഴികളുടെ നിയന്ത്രണമാണ് പുതിയ മാർഗനിർദേശങ്ങളിലെ പ്രധാന സവിശേഷതകളിലൊന്ന്. എക്സ്പ്രസ്വേകൾ, ദേശീയപാതകൾ, സംസ്ഥാനപാതകൾ, ഗണ്യമായ ഗതാഗതം സൃഷ്ടിക്കുന്ന പ്രധാന ആർട്ടീരിയൽ റോഡുകൾ എന്നിവയുമായി പാതകൾ ചേരുന്ന സ്ഥലങ്ങളിൽ റാംപുകളോടുകൂടിയ ഇന്റർചേഞ്ചുകൾ ഒരുക്കും.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ , വ്യവസായ മേഖലകൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ വലിയ തോതിൽ ഗതാഗതം സൃഷ്ടിക്കുന്ന കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും ഇന്റർചേഞ്ചുകൾ വഴി ഉറപ്പാക്കും.
പാതയിൽ വരാനിരിക്കുന്ന എൻട്രി,എക്സിറ്റ് പോയിന്റുകളെക്കുറിച്ച് വാഹനയാത്രക്കാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകുന്നതിനുള്ള സംവിധാനവും മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഡ്രൈവർമാർക്ക് ആവശ്യമായ ലെയിൻ മാറ്റങ്ങളും മറ്റ് സുരക്ഷാ നടപടികളും നേരത്തെ സ്വീകരിക്കാൻ സാധിക്കും.
ആക്സസ് നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇടനാഴിയുടെ പുറം അതിരിനോട് ചേർന്ന് ഒരു മീറ്റർ ഉയരമുള്ള അതിർത്തി മതിൽ നിർമിക്കാനും മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
കയ്യേറ്റങ്ങൾ, അനധികൃത പ്രവേശനം, അലഞ്ഞുതിരിയുന്ന കന്നുകാലികൾ അതിവേഗ പാതയിലേക്ക് പ്രവേശിക്കുന്നത് എന്നിവ തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പൂർണമായും ആക്സസ് നിയന്ത്രിത ദേശീയപാതകളുടെ ആസൂത്രണത്തിലും രൂപകൽപ്പനയിലും ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് പുതിയ മാർഗനിർദേശങ്ങളെന്ന് എൻഎച്ച്എഐ വ്യക്തമാക്കി.
വികസിത ഇന്ത്യ 2047 എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സുരക്ഷിതവും സുഗമവും ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതുമായ ദേശീയപാത ശൃംഖല വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പുതിയ മാർഗനിർദേശങ്ങൾ കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.