You are currently viewing അബ്കാരി കേസ്: റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

അബ്കാരി കേസ്: റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം

കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വയനാട് മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന ആന്റോ അഗസ്റ്റിൻ ജാമ്യനടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങി.

ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്. വാഴവറ്റയിലെ കുടുംബവീട്ടിൽനിന്ന് അനുവദനീയമായ അളവിൽ കൂടുതലായി ഏകദേശം 67 ലിറ്റർ വിദേശമദ്യവും വൈനും എക്സൈസ് സംഘം പിടിച്ചെടുത്തതിനെ തുടർന്നാണ് സെപ്റ്റംബർ 17ന് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്.

കേസിലെ ഭൗതിക തെളിവായ മദ്യം ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നതും സമാനമായ മറ്റ് അബ്കാരി കേസുകൾ മുൻപ് ആന്റോ അഗസ്റ്റിന്റെ പേരിൽ ഇല്ലെന്നതും കോടതി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

നേരത്തെ സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply