You are currently viewing ടാർ വില കുതിച്ചുയർന്നു; റോഡ് നിർമാണം സ്തംഭനം: മന്ത്രി ഇടപെടണമെന്ന് എൻ.കെ. അക്ബർ

ടാർ വില കുതിച്ചുയർന്നു; റോഡ് നിർമാണം സ്തംഭനം: മന്ത്രി ഇടപെടണമെന്ന് എൻ.കെ. അക്ബർ

ഗുരുവായൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ടാറിന്റെ വിലയിൽ ഉണ്ടായ വലിയ വർധനവ് സംസ്ഥാനത്തെ റോഡ് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചതായി ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ. പൊതുമരാമത്ത് റോഡുകളുടെയും തദ്ദേശ റോഡുകളുടെയും നിർമാണം പല സ്ഥലങ്ങളിലും സ്തംഭിച്ചിരിക്കുകയാണെന്നും കരാറുകാർ ടെൻഡർ ഏറ്റെടുക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ, ചാവക്കാട് ദേശീയപാത ബൈപ്പാസ് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് നിർമാണ പ്രവർത്തികൾക്കും ടെൻഡർ ക്ഷണിച്ചിട്ടും കരാറുകാർ പ്രവർത്തികൾ ഏറ്റെടുത്ത് നടത്താത്ത സ്ഥിതിയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

ടാറിന്റെ വില വർധനവ് കണക്കിലെടുത്ത് കരാറുകാർക്ക് അധിക തുക അനുവദിച്ച് പ്രവർത്തികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് എൻ.കെ. അക്ബർ നിവേദനം നൽകി.

വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചതായി എംഎൽഎ വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജവിലയിലും വിതരണച്ചെലവുകളിലും സമ്മർദ്ദം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് നിർമാണ മേഖലയിലും ചെലവ് വർധന സംബന്ധിച്ച ആശങ്കകൾ ഉയരുന്നത്.

Leave a Reply