
സെന്റ് ലൂയിസ്: അമേരിക്കൻ കത്തോലിക്കാ സഭയിലെ പ്രമുഖ സുവിശേഷപ്രഘോഷകനും മാധ്യമപ്രവർത്തകനുമായ ആർച്ച്‌ബിഷപ്പ് ഫുൾട്ടൺ ജെ. ഷീന്റെ വാഴ്ത്തപ്പെട്ടവൻ പ്രഖ്യാപനച്ചടങ്ങ് സെന്റ് ലൂയിസിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സെപ്റ്റംബർ 24ന് ദ ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ നടന്ന ചടങ്ങിൽ ഏകദേശം 45,000 തീർഥാടകരാണ് പങ്കെടുത്തത്.

അമേരിക്കയിലെ 48 സംസ്ഥാനങ്ങളിൽ നിന്നും 12 രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ചടങ്ങിനെത്തിയതായി സംഘാടകർ അറിയിച്ചു. 83 മെത്രാന്മാരും 870ലധികം വൈദികരും ചടങ്ങിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. ഫുൾട്ടൺ ഷീനിന്റെ സ്മരണയ്ക്കായി 75,000 കൈകൊണ്ട് നിർമിച്ച ജപമാലകളും വിതരണം ചെയ്തു.

ഫുൾട്ടൺ ഷീന്റെ വാഴ്ത്തപ്പെട്ടവൻ പ്രഖ്യാപനച്ചടങ്ങിന് വത്തിക്കാനിലെ സുവിശേഷവത്കരണ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ മാർപാപ്പ ലിയോ പതിനാലാമനെ പ്രതിനിധീകരിച്ച് നേതൃത്വം നൽകി.
1950കളിൽ ടെലിവിഷൻ പരിപാടിയായ ‘ലൈഫ് ഈസ് വർത്ത് ലിവിങ്’ വഴി ഫുൾട്ടൺ ഷീൻ അമേരിക്കൻ വീടുകളിൽ സുപരിചിതനായി. ടെലിപ്രോംപ്റ്ററിന്റെ സഹായമില്ലാതെ വിശ്വാസവും ക്രൈസ്തവ ജീവിതവും ലളിതമായി അവതരിപ്പിച്ച അദ്ദേഹം 1953ൽ മികച്ച ടെലിവിഷൻ വ്യക്തിത്വത്തിനുള്ള എമ്മി പുരസ്കാരവും നേടി. അദ്ദേഹത്തിന്റെ പരിപാടി 1952 മുതൽ 1957 വരെ സംപ്രേഷണം ചെയ്യുകയും ദശലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു.
റേഡിയോ, ടെലിവിഷൻ, എഴുത്ത്, പ്രസംഗം തുടങ്ങിയ മാധ്യമങ്ങളിലൂടെ സുവിശേഷസന്ദേശം പ്രചരിപ്പിച്ചതാണ് ഷീനിന്റെ പ്രത്യേകത. തന്റെ സന്ദേശങ്ങൾക്ക് പിന്നിലെ യഥാർഥ “എഴുത്തുകാർ” മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവരാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
2012ൽ പോപ്പ് ബെനഡിക്ട് പതിനാറാമൻ അദ്ദേഹത്തെ ‘വെനറബിൾ’ എന്ന പദവിയിലേക്ക് ഉയർത്തി. 2019ൽ അദ്ദേഹത്തിന്റെ മധ്യസ്ഥതയിലൂടെ സംഭവിച്ചതായി സഭ അംഗീകരിച്ച അത്ഭുതം വാഴ്ത്തപ്പെട്ടവൻ പ്രഖ്യാപനത്തിനുള്ള വഴി തുറന്നു. വാഴ്ത്തപ്പെട്ടവൻ എന്ന പദവി ലഭിക്കുന്നത് വിശുദ്ധപദവിയിലേക്കുള്ള നടപടിയിലെ പ്രധാന ഘട്ടമാണ്; വിശുദ്ധനായി പ്രഖ്യാപിക്കപ്പെടാൻ സാധാരണയായി മറ്റൊരു അത്ഭുതം കൂടി സഭ അംഗീകരിക്കേണ്ടതുണ്ട്.
സെന്റ് ലൂയിസിൽ ആദ്യമായി നടന്ന ഈ ചരിത്രപരമായ വാഴ്ത്തപ്പെട്ടവൻ പ്രഖ്യാപനച്ചടങ്ങ് ഫുൾട്ടൺ ഷീൻ ഒരു മാധ്യമ സുവിശേഷപ്രഘോഷകനായി അവശേഷിപ്പിച്ച സ്വാധീനത്തിന്റെ സ്മരണ പുതുക്കുന്ന അവസരമായി മാറി.