You are currently viewing ഇറ്റലിയിൽ പുതിയ അജപാലനദൗത്യം ഏറ്റെടുത്ത് ബഥനി സന്യാസസമൂഹം

ഇറ്റലിയിൽ പുതിയ അജപാലനദൗത്യം ഏറ്റെടുത്ത് ബഥനി സന്യാസസമൂഹം

ഉദിനെ അതിരൂപതയിലെ അഞ്ച് ഇടവകകളുടെ ശുശ്രൂഷയ്ക്ക് മൂന്ന് ബഥനി സന്യാസിമാർ

കൊല്ലം: വടക്കുകിഴക്കൻ ഇറ്റലിയിലെ ഉദിനെ അതിരൂപതയ്ക്ക് കീഴിലുള്ള അഞ്ച് ഇടവകകളുടെ അജപാലനശുശ്രൂഷ ബഥനി സന്യാസസമൂഹം ഏറ്റെടുക്കുന്നു. പാവിയ ഡി ഉദിനെ മുനിസിപ്പാലിറ്റിയിലെ അഞ്ച് ഇടവകകളിലാണ് ബഥനി സന്യാസിമാർ ഇനി ശുശ്രൂഷ നിർവഹിക്കുക.

റവ. ഫാ. എബി എബ്രഹാം ഒ.ഐ.സി., റവ. ഫാ. ജോബ് ഡാനിയേൽ ഒ.ഐ.സി., റവ. ഫാ. റെജി സൈമൺ ഒ.ഐ.സി. എന്നിവരാണ് പുതിയ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. പാവിയ ഡി ഉദിനെ, ലൗസാക്കോ, ലുമിഞ്ഞാക്കോ, പെർക്കോട്ടോ, റിസാനോ എന്നീ ഇടവകകളുടെ അജപാലന ചുമതലയാണ് ഇവർ നിർവഹിക്കുക. എത്യോപ്യയിലെ ബഥനി സന്യാസസമൂഹത്തിന്റെ മിഷനിൽ നേരത്തെ ശുശ്രൂഷ ചെയ്തിട്ടുള്ളവരാണ് മൂന്ന് വൈദികരും.

2023 ഒക്ടോബർ മുതൽ ഇറ്റലിയിലെ ഫ്രിയൂളി മേഖലയിലുള്ള ട്രിച്ചെസിമോയിലെ മിഷനറി മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിന്റെ നേതൃത്വവും ശുശ്രൂഷയും ബഥനി സന്യാസിമാർ ഏറ്റെടുത്തിരുന്നു. ഈ ദൗത്യം പൂർത്തിയാക്കിയതിനു പിന്നാലെയാണ് അഞ്ച് ഇടവകകളുടെ അജപാലനശുശ്രൂഷയ്ക്കായി പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ ചരിത്രപ്രധാനമായ അതിരൂപതകളിലൊന്നാണ് വടക്കുകിഴക്കൻ ഇറ്റലിയിലെ ഫ്രിയൂളി മേഖലയിലുള്ള ഉദിനെ അതിരൂപത. 1751-ൽ പുരാതന അക്വിലിയ പാത്രിയാർക്കേറ്റ് വിഭജിച്ചപ്പോഴാണ് അതിരൂപത സ്ഥാപിതമായത്. ഏകദേശം 4,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അതിരൂപതയിൽ 374 ഇടവകകളും ഏകദേശം 4.85 ലക്ഷം ജനങ്ങളുമുണ്ടെന്നാണ് ലഭ്യമായ കണക്ക്. ഉദിനെ കത്തീഡ്രലാണ് അതിരൂപതയുടെ ആസ്ഥാനം.

ഇറ്റലിയിലെ പുതിയ അജപാലനദൗത്യത്തിലൂടെ ബഥനി സന്യാസസമൂഹത്തിന്റെ അന്താരാഷ്ട്ര മിഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ വിപുലമായ അവസരം ലഭിക്കുകയാണ്.

Leave a Reply