You are currently viewing ഫിറ്റ്‌നസ് പ്രതിസന്ധിയിൽ കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂൾ; ബാലാവകാശ കമ്മീഷൻ ഇടപെട്ടു

ഫിറ്റ്‌നസ് പ്രതിസന്ധിയിൽ കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂൾ; ബാലാവകാശ കമ്മീഷൻ ഇടപെട്ടു

ആലപ്പുഴ ജില്ലയിലെ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂൾ അടച്ചുപൂട്ടാനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തെച്ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. കെട്ടിടങ്ങൾക്ക് ആവശ്യമായ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഒന്നും മൂന്നും ക്ലാസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ബദൽ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ 41ഓളം വിദ്യാർഥികളുടെ പഠനം 20 ദിവസത്തിലേറെയായി മുടങ്ങിയതായി രക്ഷിതാക്കൾ പറയുന്നു.

നിലവിൽ രണ്ടും നാലും ക്ലാസുകൾ പള്ളിയുടെ താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാൽ ഉച്ചഭക്ഷണശാല പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിയും നഷ്ടപ്പെട്ടിട്ടുണ്ട്.

അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പ് കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി ഫിറ്റ്‌നസ് പുതുക്കണമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും മാനേജ്‌മെന്റ് അത് പാലിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ, സ്കൂൾ സ്ഥിതി ചെയ്യുന്ന ഭൂമി തണ്ണീർത്തട നിയമപ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ പുതിയ നിർമ്മാണങ്ങൾ നടത്തുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

ഇതിനിടെ വിദ്യാർഥികളോട് മറ്റ് സ്കൂളുകളിലേക്ക് മാറുന്നതിനായി ടി.സി വാങ്ങാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് രക്ഷിതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി. എയ്ഡഡ് സ്കൂൾ അടച്ചുപൂട്ടി മാനേജ്‌മെന്റിന് കീഴിലുള്ള അൺ-എയ്ഡഡ് സ്കൂൾ വിപുലീകരിക്കാനുള്ള നീക്കമാണിതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

കുട്ടികളുടെ പഠനം മുടങ്ങിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുട്ടികളുടെ പഠനം പുനരാരംഭിക്കുന്നതിനും സ്കൂൾ എത്രയും വേഗം തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

സ്കൂളിന്റെ കെട്ടിട ഫിറ്റ്‌നസ് പ്രശ്നം പരിഹരിച്ച് കുട്ടികൾക്ക് തടസ്സമില്ലാതെ പഠനം തുടരാനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Leave a Reply