You are currently viewing നൂറനാട്ടിൽ മഴക്കെടുതി; ആറ്റുവാ, ചെറുമുഖ മേഖലകളിൽ എംഎൽഎ, എംഎസ് അരുൺകുമാർ സന്ദർശനം നടത്തി

നൂറനാട്ടിൽ മഴക്കെടുതി; ആറ്റുവാ, ചെറുമുഖ മേഖലകളിൽ എംഎൽഎ, എംഎസ് അരുൺകുമാർ സന്ദർശനം നടത്തി

ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന നൂറനാട് ഗ്രാമപഞ്ചായത്തിലെ ആറ്റുവാ, ചെറുമുഖ പ്രദേശങ്ങൾ എം.എസ്. അരുൺകുമാർ എംഎൽഎ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ദുരിതബാധിതരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് വിലയിരുത്തിയ എംഎൽഎ, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദേശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, ശുചിത്വ സൗകര്യങ്ങൾ ഉൾപ്പെടെ ക്യാമ്പുകളിലെ എല്ലാ ക്രമീകരണങ്ങളും കാര്യക്ഷമമായി നടപ്പാക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രദേശത്തെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.

Leave a Reply