You are currently viewing കൊല്ലത്ത് സ്വന്തം പുരയിടത്തിൽ ചിതയൊരുക്കി തീ കൊളുത്തി; ചിതയിലേക്ക് ചാടി 55കാരൻ ജീവനൊടുക്കി

കൊല്ലത്ത് സ്വന്തം പുരയിടത്തിൽ ചിതയൊരുക്കി തീ കൊളുത്തി; ചിതയിലേക്ക് ചാടി 55കാരൻ ജീവനൊടുക്കി

കൊല്ലം: കിളികൊല്ലൂർ ചാത്തിനാംകുളത്ത് സ്വന്തം പുരയിടത്തിൽ ചിതയൊരുക്കി തീ കൊളുത്തിയ ശേഷം അതിലേക്ക് ചാടി 55കാരൻ ജീവനൊടുക്കി. ചാത്തിനാംകുളം താഹാമുക്കിൽ പൂജാസാമഗ്രികൾ വിൽക്കുന്ന കട നടത്തിയിരുന്ന പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻപിള്ളയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

സ്വന്തം പുരയിടത്തിന്റെ പിൻവശത്ത് വിറകുകൾ കൂട്ടിയിട്ട് ചിതയൊരുക്കിയ ശേഷം ചില പൂജാകർമ്മങ്ങൾ നടത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് ചിതയ്ക്ക് തീ കൊളുത്തി അതിലേക്ക് ചാടുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് പൂജാസാമഗ്രികളും പോലീസ് കണ്ടെടുത്തു.

പറമ്പിൽനിന്ന് വലിയ തോതിൽ തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല.

മൃതശരീരത്തിൽ അവശേഷിച്ചിരുന്ന മോതിരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മരിച്ചത് ഹരീന്ദ്രൻപിള്ളയാണെന്ന് ബന്ധുക്കളും പോലീസും തിരിച്ചറിഞ്ഞത്.

ഹരീന്ദ്രൻപിള്ള കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ കിളികൊല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply