
കൊല്ലം: മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കൊല്ലം കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.

ഭാഗികമായി ഭൂമി ഏറ്റെടുക്കുന്നതിലൂടെ ശേഷിക്കുന്ന ഭൂമി പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്ന കുടുംബങ്ങളുടെ പ്രശ്നം പ്രത്യേകം പരിഗണിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം.പി. വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ ശേഷിക്കുന്ന ഭൂമിയും കൂടി ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് സംസ്ഥാന സർക്കാരിനെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു.

മേൽപ്പാലത്തിന്റെ പൈലിങ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയും ഭൂവുടമകൾ യോഗത്തിൽ ഉന്നയിച്ചു. നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് വീടുകളുടെയും കെട്ടിടങ്ങളുടെയും നിലവിലെ സ്ഥിതി രേഖപ്പെടുത്തണമെന്നും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി യഥാർത്ഥത്തിൽ കേടുപാടുകൾ സംഭവിക്കുന്ന വീടുകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.
വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ഭൂമി വിട്ടുനൽകുന്ന കുടുംബങ്ങളുടെ ന്യായമായ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ഭൂവുടമകളുടെ പരാതികളും നിർദ്ദേശങ്ങളും പരിഗണിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി ആരംഭിച്ച് പൂർത്തിയാക്കുന്നതിനൊപ്പം ഭൂമി നഷ്ടപ്പെടുന്നവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉല്ലാസ് കോവൂർ എം.എൽ.എ., ആർ.ബി.ഡി.സി.കെ. അധികൃതർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ഭൂവുടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.