
ദുബായ്: വിമാനത്തിനുള്ളിലെ ആക്രമണത്തിനിടെ അസാമാന്യ ധൈര്യവും ഉത്തരവാദിത്തവും പ്രകടിപ്പിച്ച് 174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം ആശുപത്രിയിലെത്തി സന്ദർശിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൈലറ്റിന്റെ ധീരതയെയും മനുഷ്യജീവനോടുള്ള കരുതലിനെയും അദ്ദേഹം പ്രശംസിച്ചു.

ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ചത് ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മനുഷ്യജീവനോടുള്ള പ്രതിബദ്ധതയുടെയും ഏറ്റവും ഉയർന്ന മാതൃകയാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. രാജ്യത്തിന്റെ നേതൃത്വത്തിന്റെയും ജനങ്ങളുടെയും പേരിൽ അദ്ദേഹത്തിന് പൂർണമായ ആദരവും അഭിനന്ദനവും അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് എഫ്ഇസഡ് 1073 വിമാനത്തിലായിരുന്നു സംഭവം. സഹപൈലറ്റിന്റെ കത്തിക്കുത്തേറ്റ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ പ്രതിസന്ധിയെ അതിജീവിച്ച് വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിച്ചു.
വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതിനിടെ ഗുരുതരമായ മുറിവുകളോടെയും കോക്പിറ്റ് വാതിൽ തുറന്ന പൈലറ്റിന്റെ നടപടി യാത്രക്കാരെയും ജീവനക്കാരെയും ആക്രമിയെ കീഴടക്കാൻ സഹായിച്ചു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 174 പേരുടെയും ജീവൻ രക്ഷിക്കാനായി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയ നേതാക്കളും പൈലറ്റിന്റെ ധീരതയെ അഭിനന്ദിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലും ക്യാപ്റ്റൻ മച്ചാറിന് വലിയ അംഗീകാരമാണ് ലഭിച്ചത്.
പരിക്കുകൾക്കിടയിലും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയ പൈലറ്റിന്റെ നടപടി വ്യോമയാന മേഖലയിലെ ഉത്തരവാദിത്തത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മാതൃകയായി വിലയിരുത്തപ്പെടുന്നു.