
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ.പി.സി.സി. നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതി വിശദമായി പരിശോധിച്ചപ്പോൾ പ്രഥമദൃഷ്ട്യാ കഴമ്പുള്ളതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ചെന്നിത്തല വ്യക്തമാക്കി.

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും വിജിലൻസ് ഡയറക്ടർക്ക് വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകുകയും ചെയ്തതായി അദ്ദേഹം സാമൂഹിക മാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു.

2006-ൽ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ നടന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടുമായി (കെ.എസ്.ടി.പി.) ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. പദ്ധതിയുമായി ബന്ധപ്പെട്ട മലേഷ്യൻ എൻജിനീയർ ലീ സീ ബീന്റെ ആത്മഹത്യയും അന്വേഷണവിധേയമാക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
ഗ്യാനേഷ് കുമാർ നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന ഉന്നത പദവി വഹിക്കുന്നത് അന്വേഷണത്തിന് ഒരു തരത്തിലും തടസ്സമാകില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ വിശദമായ അന്വേഷണത്തിലൂടെ പരിശോധിക്കുകയാണ് ലക്ഷ്യമെന്നും ചെന്നിത്തലയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.