
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിന് പുറമെ മാഹി, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുതൽ പിൻവാങ്ങുന്നതിന് അനുകൂലമായ സാഹചര്യം രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മറാത്ത്വാഡ, വിദർഭ മേഖലകളിലെ ശേഷിക്കുന്ന ഭാഗങ്ങൾ, മഹാരാഷ്ട്രയുടെ കൂടുതൽ പ്രദേശങ്ങൾ, ഛത്തീസ്ഗഢ്, തെലങ്കാന, വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കാലവർഷം പിൻവാങ്ങാനാണ് സാധ്യത.

അതേസമയം, ആന്ധ്രപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസവും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
കൊങ്കൺ, ഗോവ മേഖലകളിൽ നാളെ വരെ ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.