
മാനന്തവാടി: ഈ വർഷം നേരിടാനിടയുള്ള വരൾച്ചയെ പ്രതിരോധിക്കുന്നതിനും ജലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി മാനന്തവാടി നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. എംഎൽഎ ഉഷാ വിജയന്റെ നേതൃത്വത്തിലായിരുന്നു യോഗം.

വരൾച്ച മുന്നൊരുക്കത്തിന്റെ ഭാഗമായി ഓരോ ഗ്രാമപഞ്ചായത്തിലും തദ്ദേശസ്ഥാപന, ബ്ലോക്ക്, ജില്ലാ ജനപ്രതിനിധികൾ, തൊഴിലുറപ്പ്, കുടുംബശ്രീ, പാടശേഖര–കുരുമുളക് സമിതി ഭാരവാഹികൾ, സാമൂഹിക–സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ഉടൻ ചേരാൻ തീരുമാനിച്ചു.

തോടുകളിലും അരുവികളിലും ആവശ്യമായ സ്ഥലങ്ങളിൽ തടയണകൾ നിർമിക്കുക, തകരാറിലായ ചെറുകിട ജലസേചന പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, വാർഡ് തലത്തിൽ യോഗങ്ങൾ ചേർന്ന് വ്യക്തമായ പ്രവർത്തന പദ്ധതി തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
കൃഷി, ജലസേചനം, തൊഴിലുറപ്പ്, കുടുംബശ്രീ, വനം, വായനശാലകൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ ഏകോപനത്തോടെ താലൂക്ക് തലത്തിൽ സമയബന്ധിതമായി നടപ്പാക്കേണ്ട വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും യോഗം തീരുമാനിച്ചു.
ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി വരൾച്ചയെ നേരിടുന്നതിനായി ജനകീയ കൂട്ടായ്മയോടെ മുന്നോട്ടുപോകുമെന്ന് എംഎൽഎ ഉഷാ വിജയൻ അറിയിച്ചു.