
തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ ദീർഘകാല ആവശ്യമായ നോർക്ക ഐഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവാസികളായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തിയവർക്കായി ‘നോർക്ക റിട്ടേണി ഐഡി കാർഡ്’ എന്ന പേരിലാണ് തിരിച്ചറിയൽ കാർഡ് നൽകുന്നത്.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തിയവർക്കാണ് കാർഡിന് അർഹത. ഇതിനായുള്ള രജിസ്ട്രേഷൻ പോർട്ടൽ ഒക്ടോബർ എട്ട് രാവിലെ 11 മുതൽ ലഭ്യമാകും. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായും സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷ നൽകാം.

മൂന്നു വർഷത്തെ കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്. എൻറോൾമെന്റിനായി തിരുവനന്തപുരത്തെ തൈക്കാട് നോർക്ക സെന്ററിൽ പ്രത്യേക സഹായകേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.
എൻറോൾമെന്റും രേഖകളുടെ സൂക്ഷ്മപരിശോധനയും പൂർത്തിയായ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കാർഡ് ലഭിക്കും.
ആവശ്യമായ രേഖകൾ
അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവ സമർപ്പിക്കണം. ഇതോടൊപ്പം കുറഞ്ഞത് രണ്ടു വർഷം പ്രവാസിയായിരുന്നുവെന്ന് തെളിയിക്കുന്ന താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് കൂടി നൽകണം:
– കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐഡി കാർഡ്
– പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്
– പാസ്പോർട്ടിലെ ആദ്യത്തെയും അവസാനത്തെയും വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
– കേരളത്തിന് പുറത്തുള്ള മറ്റു സംസ്ഥാനങ്ങളിൽ താമസിച്ചിരുന്നവർക്ക് കാലാവധി കഴിഞ്ഞ എൻആർകെ ഐഡി കാർഡ്
– പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്
– കുറഞ്ഞത് രണ്ടു വർഷം പ്രവാസി കേരളീയനായി കഴിഞ്ഞതും തിരിച്ചെത്തി ഇപ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കിയതുമാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, പ്രസിഡന്റ്, ഗസറ്റഡ് ഓഫീസർ, നിയമസഭാംഗം, പാർലമെന്റ് അംഗം എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം.
തിരിച്ചെത്തിയ പ്രവാസികൾക്ക് ആവശ്യമായ രേഖകളുമായി ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം.