You are currently viewing വ്യാജ ഒപ്പ് വിവാദം: എസ്.പി. ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി മേയർ

വ്യാജ ഒപ്പ് വിവാദം: എസ്.പി. ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി മേയർ

തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ഒപ്പ് ഹാജർപുസ്തകത്തിൽ വ്യാജമായി രേഖപ്പെടുത്തിയെന്ന വിവാദത്തിൽ കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ എസ്.പി. ദീപക്കിനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.

രാഷ്ട്രീയ നേട്ടത്തിനായി വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ അഡ്വ. സെന്തിൽ കുമാർ മുഖേന വക്കീൽ നോട്ടീസ് അയച്ചത്. ആരോപണങ്ങൾ 15 ദിവസത്തിനകം പിൻവലിച്ച് നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ആർ. സുഗതൻ പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കാലയളവിൽ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് എസ്.പി. ദീപക് ആരോപിച്ചത്. സുഗതന്റെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാനായി ഈ ദിവസങ്ങളിലെ ഹാജർപുസ്തകത്തിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ മ്യൂസിയം പൊലീസ് മേയർ വി.വി. രാജേഷിനെ ഒന്നാം പ്രതിയാക്കിയും ആർ. സുഗതനെ രണ്ടാം പ്രതിയാക്കിയും കോർപ്പറേഷൻ സെക്രട്ടറിയെ മൂന്നാം പ്രതിയാക്കിയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹാജർപുസ്തകത്തിലെ ഒപ്പുകൾ വ്യാജമാണോ എന്ന് കണ്ടെത്തുന്നതിനായി രജിസ്റ്റർ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനുള്ള നടപടികളിലാണ് പൊലീസ്.

ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും കോർപ്പറേഷൻ ഭരണത്തെയും മേയർ പദവിയെയും കരിവാരിത്തേക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണിതെന്നും വി.വി. രാജേഷ് പ്രതികരിച്ചു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ആർ. സുഗതൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സുഗതനെതിരെ ചുമത്തിയിരുന്ന കാപ്പാ തടങ്കൽ ഉത്തരവ് ഹൈക്കോടതി പൂർണമായി റദ്ദാക്കിയതിനെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു.

ഹാജർപുസ്തകത്തിലെ ഒപ്പുകളുടെ ആധികാരികത സംബന്ധിച്ച ഫോറൻസിക് പരിശോധനാ ഫലമാണ് കേസിലെ നിർണായക തെളിവാകുക.

Leave a Reply