
തിരുവനന്തപുരം: വാതിലുകൾ തുറന്നുവെച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കേരള പോലീസിന്റെ സംസ്ഥാനവ്യാപക പരിശോധന. സെപ്റ്റംബർ 23 മുതൽ 30 വരെ നടത്തിയ പ്രത്യേക പരിശോധനയിൽ നിയമലംഘനം നടത്തിയ 2,021 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഇവയിൽ നിന്ന് ആകെ 5,57,000 രൂപ പിഴ ഈടാക്കി.

ഓടിക്കൊണ്ടിരിക്കുന്ന ബസുകളുടെ വാതിലുകൾ തുറന്നുകിടക്കുന്നതിനെ തുടർന്ന് യാത്രക്കാർ തെറിച്ചുവീണ് മരിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഇത്തരം അപകടങ്ങളിൽ യാത്രക്കാർ മരിക്കുകയും തൃശൂർ ജില്ലയിൽ യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബസുകൾ സർവീസ് നടത്തുമ്പോൾ വാതിലുകൾ നിർബന്ധമായും അടച്ചിടുന്നുണ്ടെന്നും വാതിലുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കുന്നതിനായിരുന്നു പ്രത്യേക പരിശോധന. ഒരാഴ്ച നീണ്ട ഡ്രൈവിൽ സംസ്ഥാനത്താകെ 31,408 ബസുകൾ പരിശോധിച്ചു.
റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 2,014 പരിപാടികളും നടത്തി. ഇവയിൽ 10,784 പേർ പങ്കെടുത്തു.
ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ മേൽനോട്ടത്തിൽ ജില്ലാ പോലീസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്.പിമാർ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടത്തിയത്. ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്സ്മെന്റ് വിഭാഗവും തുടർന്നും പരിശോധനകൾ നടത്തും.
ബസുകളുടെ വാതിലുകൾ തുറന്നുവെച്ച് സർവീസ് നടത്തുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പോലീസിനെ അറിയിക്കാം. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്രയുടെ വാട്സ്ആപ്പ് നമ്പറായ 9747001099-ലേക്ക് നിയമലംഘനത്തിന്റെ ഫോട്ടോ, ശബ്ദരേഖ, ദൃശ്യങ്ങൾ എന്നിവ അയയ്ക്കാം. നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പർ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തണം.