
ന്യൂഡൽഹി: ‘വോട്ട് മോഷണം’ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യത്തിലെ എംപിമാർ വെള്ളിയാഴ്ച യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണഘടനാ സദനിലെ സെൻട്രൽ ഹാളിലാണ് യോഗം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെയും (എസ്ഐആർ) പ്രതിഷേധം ശക്തമാക്കാനുള്ള വിവിധ മാർഗങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യാ സഖ്യം സമയം തേടിയിട്ടുണ്ട്. അനുമതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിനായി എല്ലാ സാധ്യതകളും പരിഗണിക്കുമെന്നാണ് നേതാക്കളുടെ നിലപാടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

സേവാ തീർഥ്, രാഷ്ട്രപതി ഭവൻ, ഉപരാഷ്ട്രപതിയുടെ വസതി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വസതികൾ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്തുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരം. പ്രതിഷേധം തുടർച്ചയായ നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പുതിയ നീക്കം.
രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടുണ്ടെന്നും രാഷ്ട്രപതി ഭവനിൽനിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) കെ.സി. വേണുഗോപാൽ നേരത്തെ അറിയിച്ചിരുന്നു.
ഒക്ടോബർ രണ്ടിനാണ് ആദ്യമായി അപേക്ഷ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകൾ നൽകാൻ രാഷ്ട്രപതി ഭവൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തി ഒക്ടോബർ അഞ്ചിന് വീണ്ടും അപേക്ഷ നൽകി. ഒക്ടോബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഏതെങ്കിലും ദിവസം കൂടിക്കാഴ്ച അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും വെള്ളിയാഴ്ച വരെ കാത്തിരിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.