
കൊല്ലം: തിരുവിതാംകൂർ മഹാരാജാവിന്റെ അഭ്യർത്ഥനപ്രകാരം സ്വിറ്റ്സർലൻഡിൽനിന്ന് സിസ്റ്റേഴ്സിനെ കേരളത്തിലെത്തിച്ച് ആശുപത്രികളിൽ നഴ്സിംഗ് പരിചരണത്തിന് തുടക്കമിട്ട ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹമെന്ന് കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.

ബിഷപ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ തോപ്പ്, പോർട്ട് കൊല്ലം, മൂതാക്കര, വാടി ഇടവകകളിലെ ജനങ്ങൾക്കായി പോർട്ട് കൊല്ലം പാരിഷ് ഹാളിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ വിഷരഹിത പച്ചക്കറികൾ കൃഷി ചെയ്യാനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ജലം അമൂല്യമായി സംരക്ഷിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന് ബിഷപ് പറഞ്ഞു. ‘ലൗദാത്തോസി – ഭൂമിക്കൊരു കുട’ പദ്ധതിയിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂപതയുടെ എഴുന്നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 700 വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഇപ്പോൾ 1,564 രോഗികളിലേക്ക് എത്തിയതായി ബിഷപ് വ്യക്തമാക്കി. ജാതിമത വ്യത്യാസമില്ലാതെ നിരവധി പേർക്ക് ചികിത്സാച്ചെലവിൽ ഇളവുകൾ നൽകാൻ ബിഷപ് ബെൻസിഗർ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ആശുപത്രിയുടെ നിർമാണത്തിലൂടെ ജെറോം പിതാവ് കണ്ട സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. പോർട്ട് കൊല്ലം ഇടവക വികാരി ഫാ. മനോജ് ആന്റണി, കൊല്ലം കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസി ബൈജു, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി എന്നിവർ സംസാരിച്ചു.
രൂപത അസോസിയേറ്റ് പബ്ലിക് റിലേഷൻസ് ഓഫീസർ ജോർജ് എഫ്. സേവ്യർ വലിയവീട്, ആശുപത്രി സൂപ്രണ്ട് സിസ്റ്റർ സിർള മേരി, ബ്ലഡ് ബാങ്ക് കോർഡിനേറ്റർ സിസ്റ്റർ ഫെർഡിന മേരി, പ്രോഗ്രാം കോർഡിനേറ്റർ സാബു ബെനഡിക്റ്റ്, ജിപ്സൻ, ജിഷ, ജോറിസ്, സുമിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഡോക്ടർമാരായ അനിൽ വിജയകുമാർ, വിനോദ് ജോർജ് ഫിലിപ്പ്, ജെറിൽ ഡിസിൽവ, ആർഷ എം. ജസ്റ്റിൻ എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.
ഫോട്ടോ അടിക്കുറിപ്പ്: ബിഷപ് ബെൻസിഗർ ആശുപത്രിയുടെ നേതൃത്വത്തിൽ തോപ്പ്, പോർട്ട് കൊല്ലം, മൂതാക്കര, വാടി ഇടവകകളിലെ ജനങ്ങൾക്കായി പോർട്ട് കൊല്ലം പാരിഷ് ഹാളിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കൊല്ലം രൂപതാധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.