
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് വയനാട് സ്വദേശിനി ദേവിക ഉൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ദേവികയുടെ കുടുംബം. ഇതൊരു സാധാരണ വാഹനാപകടമല്ലെന്നും മൂന്ന് പേരെയും മനപ്പൂർവം കാറിടിച്ച് കൊലപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും ദേവികയുടെ പിതാവ് സന്തോഷ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആരോപിച്ചു.

യാത്രയ്ക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് സുഹൈൽ സജീവ് വാഹനമോടിച്ചതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അമിതവേഗത്തിലായിരുന്നു കാറിന്റെ യാത്രയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിലവിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതുവരെ നിയമപരമായി പോരാടുമെന്നും കുടുംബം വ്യക്തമാക്കി.
തൃക്കാക്കരയിലെ പുരാവസ്തു വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദേവികയും പാലക്കാട് സ്വദേശിനി ഗോപികയും കർണാടക സ്വദേശിയായ ഇയാസും അപകടത്തിൽപ്പെട്ടത്. സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ ഇടിച്ചാണ് മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചത്.
മരിച്ച മൂന്ന് വ്യക്തികളും കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടത്തിന്റെ യഥാർഥ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബങ്ങൾ ആവശ്യപ്പെട്ടു.