
കൊച്ചി: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ ജഡ്ജിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
2026 ഒക്ടോബർ 25ന് പുലർച്ചെയാണ് കേസിനാസ്പദമായ അപകടം നടന്നത്. ചേരാനെല്ലൂർ കണ്ടെയ്നർ റോഡിൽ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിക്കുകയായിരുന്നു. ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത 17 വയസ്സുള്ള മകനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്.
പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിനും ഭാരതീയ ന്യായസംഹിതയിലെ നരഹത്യാ വകുപ്പ് 105 പ്രകാരവുമാണ് ജഡ്ജിക്കെതിരെ കേസെടുത്തത്. കേസിൽ രണ്ടാം പ്രതിയായാണ് ജഡ്ജിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജഡ്ജി ഒളിവിൽ പോകാനുള്ള സാധ്യതയില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനോടകം രണ്ട് തവണയായി ആറു മണിക്കൂറിലധികം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനം കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ച സാഹചര്യത്തിൽ, കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ സമർപ്പിച്ച 16 പേജുള്ള വിശദമായ മറുപടിയിലും കോടതി വിമർശനമുന്നയിച്ചു. സമാനമായ മറ്റ് കേസുകളിലെല്ലാം പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിക്കാറുണ്ടോയെന്നും ഈ കേസിൽ മാത്രം സർക്കാരിന് എന്താണ് ഇത്ര പ്രത്യേക താൽപര്യമെന്നും കോടതി ചോദിച്ചു.
അതേസമയം, അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നില്ലെങ്കിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.