You are currently viewing കോഴിക്കോട് തീരത്ത് മൈനർ തുറമുഖം വേണം; ആവശ്യം നിയമസഭയിൽ ഉന്നയിച്ച് ഫൈസൽ ബാബു എംഎൽഎ

കോഴിക്കോട് തീരത്ത് മൈനർ തുറമുഖം വേണം; ആവശ്യം നിയമസഭയിൽ ഉന്നയിച്ച് ഫൈസൽ ബാബു എംഎൽഎ

കോഴിക്കോട്: കോഴിക്കോട് നഗരത്തോട് ചേർന്നുള്ള തീരപ്രദേശത്ത് മൈനർ തുറമുഖം സ്ഥാപിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ച് കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബു. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും കോഴിക്കോടിന്റെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭയിലെ ചോദ്യോത്തര വേളയിൽ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിനോടാണ് ഫൈസൽ ബാബു ഇക്കാര്യം ഉന്നയിച്ചത്. മൈനർ തുറമുഖം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പഠിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

പ്രതിദിനം പതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ ആളുകൾ സന്ദർശിക്കുന്ന കോഴിക്കോടൻ ബീച്ചിന്റെ സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് എംഎൽഎ പറഞ്ഞു. മൈനർ തുറമുഖം യാഥാർഥ്യമായാൽ മത്സ്യബന്ധന മേഖലയ്ക്ക് കൂടുതൽ കരുത്തുപകരുന്നതിനൊപ്പം വിനോദസഞ്ചാര രംഗത്തും പുതിയ വികസനസാധ്യതകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

കോഴിക്കോടിന്റെ തീരപ്രദേശത്തിന്റെ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗങ്ങൾ വിപുലീകരിക്കുന്നതിനും പദ്ധതി സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply