
പത്തനംതിട്ട: പമ്പാ നദിയിലെ മണൽവാരൽ സർക്കാർ നയത്തിന്റെ ഭാഗമാണെന്നും അത് ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കണമെന്നും ആറന്മുള എംഎൽഎ അബിൻ വർക്കി കൊടിയാട്ട് നിയമസഭയിൽ ആവശ്യപ്പെട്ടു. അപ്രതീക്ഷിത പ്രളയങ്ങളുടെ ആഘാതം കുറയ്ക്കാൻ നദിയിലെ മണൽ നീക്കം ചെയ്യുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ, മാരാമൺ കൺവെൻഷൻ, ആറന്മുള വള്ളംകളി, വള്ളസദ്യ തുടങ്ങിയ പ്രധാന പരിപാടികൾ പമ്പാ നദിയുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ നദിയുടെ പാരിസ്ഥിതിക പ്രാധാന്യവും സാംസ്കാരിക സവിശേഷതകളും പരിഗണിച്ചുകൊണ്ട് ശാസ്ത്രീയമായ മണൽഖനനം ഉറപ്പാക്കണമെന്നാണ് സഭയിൽ ആവശ്യപ്പെട്ടത്.

ഇതിന് മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉറപ്പ് നൽകിയതായും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് പമ്പാ നദി ശുദ്ധീകരണ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചതായും അബിൻ വർക്കി കൊടിയാട്ട് അറിയിച്ചു.
പത്തനംതിട്ടയുടെ ആവശ്യത്തിന് അനുകൂലമായി ഇടപെട്ട മന്ത്രിയോട് നന്ദി അറിയിക്കുന്നതായും എംഎൽഎ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.