
കൊളംബോ: മതപരമായ തർക്കത്തിനിടെ ഫെയ്സ്ബുക്കിൽ നടത്തിയ കമന്റിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ യുവാവിന്റെ ശിക്ഷ സൗദി അറേബ്യയിലെ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കൻ പൗരനായ 24-കാരൻ അനോജൻ ശിവരാസയ്ക്കാണ് ശിക്ഷാ ഇളവ് ലഭിച്ചത്. ഒക്ടോബർ 13-നാണ് സുപ്രീം കോടതിയുടെ നടപടി.

സൗദി അറേബ്യയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന അനോജൻ, മതപരമായ വിഷയവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് തർക്കത്തിനിടെ നടത്തിയ കമന്റിനെ തുടർന്നാണ് നിയമനടപടികൾ നേരിട്ടത്. വിവാദമായ കമന്റ് പിന്നീട് നീക്കം ചെയ്യുകയും യുവാവ് ഉടൻ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

ആദ്യഘട്ടത്തിൽ തടവുശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും അപ്പീൽ നടപടികൾക്കൊടുവിൽ വധശിക്ഷയായി ശിക്ഷ ഉയർത്തുകയായിരുന്നു. ഇതോടെ യുവാവിന്റെ മോചനത്തിനായി ശ്രീലങ്കൻ അധികൃതർ നയതന്ത്രതലത്തിൽ ഇടപെടലുകൾ ശക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ളവരും വിഷയത്തിൽ ഇടപെട്ടിരുന്നു.
ശിക്ഷ റദ്ദാക്കിയതിനെ അനോജന്റെ കുടുംബവും പിന്തുണക്കാരും ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. നയതന്ത്ര ഇടപെടലുകൾക്കും മനുഷ്യാവകാശ പ്രവർത്തകരുടെ പ്രചാരണങ്ങൾക്കും പിന്നാലെയാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനമുണ്ടായതെന്നാണ് റിപ്പോർട്ട്.
അതേസമയം, ശിക്ഷ റദ്ദാക്കിയെങ്കിലും അനോജന്റെ നിലവിലെ നിയമപരമായ സ്ഥിതിയും തുടർനടപടികളും സംബന്ധിച്ച വ്യക്തത ലഭിച്ചിട്ടില്ല. കേസിൽ ഇനി സ്വീകരിക്കുന്ന നടപടികൾ നിർണായകമാകും.