
കോതമംഗലം: അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അനുകൂല നിലപാട് അറിയിച്ചതായി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരിൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കോതമംഗലത്തെ 700-ലധികം കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിലപാട് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് പദ്ധതിയുമായി ബന്ധപ്പെട്ട അനുകൂല നിലപാട് മുഖ്യമന്ത്രി അറിയിച്ചതെന്ന് എംഎൽഎയുടെ കുറിപ്പിൽ പറയുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് വികസന മുന്നേറ്റം നൽകാൻ കഴിയുന്ന പദ്ധതിയാണിത്.

1998-ൽ പദ്ധതിക്കായി സ്ഥലത്ത് കുറ്റിയടിച്ചെങ്കിലും തുടർനടപടികൾ നീണ്ടുപോയതോടെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായി. കഴിഞ്ഞ 28 വർഷമായി സ്വന്തം ഭൂമിയിൽ വീടു നിർമിക്കാനോ സംരംഭങ്ങൾ ആരംഭിക്കാനോ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനോ വിൽക്കാനോ കഴിയാത്ത സ്ഥിതിയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടി, ഇളമ്പ്ര, മറ്റത്തിപ്പീടിക, കോതമംഗലം നഗരസഭാ പരിധിയിലെ വെണ്ടുവഴി, കാരക്കുന്നം തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പദ്ധതിയുടെ 2023-ലെ കണക്കുപ്രകാരം ആകെ ചെലവ് 3,800 കോടി രൂപയാണ്. ഇതിന്റെ 50 ശതമാനമായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയതായി ഷിബു തെക്കുംപുറം വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ ജനങ്ങളുടെ ഭൂമി അനിശ്ചിതകാലത്തേക്ക് ഉപയോഗശൂന്യമായി തുടരുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സമയപരിധി നിശ്ചയിക്കുന്നതിനുള്ള പ്രോട്ടോക്കോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായും എംഎൽഎയുടെ കുറിപ്പിൽ പറയുന്നു.
പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ യാഥാർഥ്യമാകുന്നതോടെ ശബരി റെയിൽ പദ്ധതിയുടെ ഗുണഫലങ്ങൾക്കൊപ്പം ഭൂമി ഏറ്റെടുക്കൽ മൂലം ദീർഘകാലമായി പ്രതിസന്ധിയിലായ കുടുംബങ്ങളുടെ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.