
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപ ചെലവിട്ട് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തും. അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി റെയിൽവേയുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

സ്റ്റേഷൻ കവാടത്തിലെ റോഡ് ടാറിങ്, സർക്കുലേറ്റിങ് ഏരിയയിലെ അറ്റകുറ്റപ്പണികൾ, കെട്ടിടത്തിന്റെ പെയിന്റിങ്, ചോർച്ച പരിഹരിക്കൽ, ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ തീർത്ഥാടനകാലത്തിന് മുമ്പായി പൂർത്തിയാക്കും. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഈ തീർത്ഥാടനകാലത്ത് റെയിൽവേ 148 പ്രത്യേക ട്രെയിൻ സർവീസുകളും നടത്തും.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസന പദ്ധതിയുമായി ബന്ധപ്പെട്ട നിയമപരമായ തടസ്സങ്ങൾ അവസാനിച്ച സാഹചര്യത്തിൽ, തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തി അടിയന്തര അറ്റകുറ്റപ്പണികൾ വൈകിക്കരുതെന്ന് റെയിൽവേ ബോർഡ് ചെയർമാനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നതായി എംപി വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുമായും വിഷയം ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം നാലിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരും. അറ്റകുറ്റപ്പണികളുടെ പുരോഗതി, പ്രത്യേക ട്രെയിൻ സർവീസുകൾ, തിരക്ക് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവ യോഗം വിലയിരുത്തും.
അയ്യപ്പഭക്തർക്ക് യാത്രാദുരിതമില്ലാതെ ശബരിമലയിലെത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.