You are currently viewing ജനുവരിയോടെ കുറ്റ്യാടി ബൈപ്പാസ് തുറക്കും

ജനുവരിയോടെ കുറ്റ്യാടി ബൈപ്പാസ് തുറക്കും

കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസിന്റെ നിർമാണം ജനുവരിയോടെ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് കുറ്റ്യാടി മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്ക് അംഗീകാരമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചേനായിക്കടവ്, മാണിക്കോത്ത് പാലങ്ങൾ ഉൾപ്പെടെ മൂന്ന് പ്രധാന പാലങ്ങളുടെ നിർമാണം, തിരുവള്ളൂർ കന്നിനട, ആയഞ്ചേരി മാണിക്കോത്ത് നട, വേളം തുലാറ്റുനട എന്നിവിടങ്ങളിലെ പാതയോര സൗന്ദര്യവൽക്കരണം, കുറ്റ്യാടി വിശ്രമമന്ദിരത്തിന്റെ പുനർനിർമാണം എന്നിവയും നടപ്പാക്കും.

മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും രണ്ട് വർഷത്തിനുള്ളിൽ ആധുനിക നിലവാരത്തിലേക്ക് ഉയർത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വില്ല്യാപ്പള്ളി–ചേലക്കാട് റോഡ് നവീകരണം, വട്ടോളിയിലെ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു.

കുറ്റ്യാടിയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാറക്കൽ അബ്ദുല്ലയുടെ കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply