You are currently viewing മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ; അബുദാബി രാജകുടുംബവുമായി ബന്ധമുള്ള യുവതിക്ക് ശിക്ഷ

മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ; അബുദാബി രാജകുടുംബവുമായി ബന്ധമുള്ള യുവതിക്ക് ശിക്ഷ

ലണ്ടൻ: മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്ന് അബോധാവസ്ഥയിലായ യുവതി മൂന്ന് വയസ്സുകാരനെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന് സമീപം അപകടകരമായ സാഹചര്യത്തിൽ വിട്ട സംഭവത്തിൽ ശിക്ഷ വിധിച്ച് ബ്രിട്ടനിലെ കോടതി. അബുദാബി ഭരണകുടുംബമായ അൽ നഹ്യാൻ കുടുംബവുമായി വിവാഹബന്ധമുള്ള 32-കാരി മഹ്റ അൽ നഹ്യാനാണ് ശിക്ഷിക്കപ്പെട്ടത്.

2026 ജൂണിൽ പടിഞ്ഞാറൻ ലണ്ടനിലെ തെരുവിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമിതമായി കൊക്കെയ്ൻ ഉപയോഗിച്ചതിനെത്തുടർന്നായിരുന്നു സംഭവം. യുവതിയുടെ പരിചരണത്തിലുണ്ടായിരുന്ന മൂന്ന് വയസ്സുകാരൻ ചെരിപ്പുപോലുമില്ലാതെ വാഹനഗതാഗതത്തിന് സമീപം കളിക്കുന്നത് കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെയാണ് അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടത്.

ഏകദേശം 30 മിനിറ്റോളം യുവതി പ്രതികരിക്കാത്ത നിലയിലായിരുന്നു. പിന്നീട് ബോധം വീണ്ടെടുത്തപ്പോൾ അസ്വാഭാവികമായി ഉറക്കെ സംസാരിക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തിയെങ്കിലും യുവതിയുടെ കൈവശം മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ല.

കുട്ടിയെ അവഗണിച്ചതുമായി ബന്ധപ്പെട്ട കുറ്റം മഹ്റ അൽ നഹ്യാൻ സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിൽ സമ്മതിച്ചു. തുടർന്ന് കോടതി രണ്ടുവർഷത്തെ സാമൂഹിക ശിക്ഷയും പുനരധിവാസ ചികിത്സയും വിധിച്ചു. കൂടാതെ 5,000 പൗണ്ട് പിഴയും കോടതി ചെലവുകളും അടയ്ക്കാനും നിർദേശിച്ചു.

സംഭവത്തെത്തുടർന്ന് ജൂലൈ മുതൽ പ്രയറി ചികിത്സാകേന്ദ്രത്തിൽ യുവതി ചികിത്സയിൽ കഴിയുകയാണ്.

Leave a Reply