
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ 2026-ലെ ക്രിസ്തുരാജത്വ തിരുനാളിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ തിരുനാളിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി.

ഡെപ്യൂട്ടി മേയർ, മരാമത്ത് ചെയർപേഴ്സൺ, കോർപ്പറേഷനിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വെട്ടുകാട് വാർഡ് കൗൺസിലർ കിൻസി ഐവൻ, ഇടവക വികാരി റവ. ഫാ. ഷാജു വില്യം, ഇടവക കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുനാൾ സുഗമമായി നടത്തുന്നതിനാവശ്യമായ വിവിധ ക്രമീകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, തിരുവനന്തപുരം കോർപ്പറേഷന്റെ സഹകരണം എന്നിവ യോഗം ചർച്ച ചെയ്തു.
തിരുനാൾ വിജയകരമായി നടത്തുന്നതിന് തിരുവനന്തപുരം കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ലഭ്യമാക്കുമെന്ന് മേയർ വി.വി. രാജേഷ് ഇടവക കൗൺസിൽ പ്രതിനിധികൾക്ക് ഉറപ്പുനൽകി.