You are currently viewing കാപ്പാ കേസ്: ബിജെപി കൗൺസിലർക്ക് അനുകൂലമായി കത്ത് നൽകിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

കാപ്പാ കേസ്: ബിജെപി കൗൺസിലർക്ക് അനുകൂലമായി കത്ത് നൽകിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയ സംഭവത്തിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) രൂപീകരിച്ചതിന് ശേഷം അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഷനിലാകുന്ന ആദ്യ ഉദ്യോഗസ്ഥയാണ് ചിത്രയെന്നാണ് റിപ്പോർട്ട്.

സുഗതന് അവധി അനുവദിക്കരുതെന്ന് തദ്ദേശവകുപ്പ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും ഫയലിൽ നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് മറികടന്ന് ചിത്ര സുഗതന് അനുകൂലമായ റിപ്പോർട്ട് നൽകിയെന്നാണ് കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ചട്ടലംഘനവും അധികാര ദുർവിനിയോഗവും നടത്തിയതായും ഔദ്യോഗിക ഫയലിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായാണ് ജയിലിൽ കഴിയുന്ന സുഗതൻ അവധിക്ക് അപേക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചിത്ര നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ സുഗതന് ആറ് മാസത്തെ അവധി അനുവദിച്ചത്.

സംഭവം പുറത്തുവന്നതോടെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിരുന്നു. സർക്കാർ നിർദ്ദേശം മറികടന്ന് ഉദ്യോഗസ്ഥ ഇടപെടൽ നടത്തിയെന്ന ആരോപണവും ശക്തമായി.

1960-ലെ കേരള സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആൻഡ് അപ്പീൽ) ചട്ടത്തിലെ 10(a) പ്രകാരമാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ഗവർണറുടെ പേരിൽ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും.

അതേസമയം, ചിത്ര പുറപ്പെടുവിച്ച കത്ത് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സസ്‌പെൻഷൻ നടപടിക്ക് പിന്നാലെ സുഗതന് അനുവദിച്ച ആറ് മാസത്തെ അവധിയും അതിന്റെ നിയമസാധുതയും വീണ്ടും ചർച്ചയാകുകയാണ്.

Leave a Reply