
ചങ്ങനാശേരി: മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സി. സി.എം.ഡിയുമായി ചർച്ച നടത്തി ചങ്ങനാശേരി എം.എൽ.എ. വിനു ജോബ്. തിരുവനന്തപുരം നിയമസഭാ സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ ബസ് സ്റ്റാൻഡിന്റെ നിർമാണം, പുതിയ സർവീസുകൾ ആരംഭിക്കൽ, മുടങ്ങിക്കിടക്കുന്ന സർവീസുകൾ പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചതായി എം.എൽ.എ. സാമൂഹികമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.

ചങ്ങനാശേരി–വേളാങ്കണ്ണി ബസ് സർവീസ് അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ ഉറപ്പുനൽകിയതായി വിനു ജോബ് വ്യക്തമാക്കി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുന്ന ചങ്ങനാശേരി–അമൃത ആശുപത്രി സർവീസും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. പുതിയ ബസ് സ്റ്റാൻഡിന്റെ നിർമാണ പ്രവർത്തനങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. നിർമാണം വേഗത്തിൽ പൂർത്തിയാക്കി ബസ് സ്റ്റാൻഡ് എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.
ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ബൈപ്പാസിലേക്കും ബന്ധിപ്പിക്കുന്ന സർക്കുലർ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കെ.എസ്.ആർ.ടി.സി. സി.എം.ഡി. ഉറപ്പുനൽകിയതായും എം.എൽ.എ. അറിയിച്ചു.
വരാനിരിക്കുന്ന ശബരിമല തീർത്ഥാടന കാലത്ത് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ചർച്ചയിൽ ശ്രദ്ധയിൽപ്പെടുത്തി. തീർത്ഥാടകർക്ക് ഈ സർവീസ് ഏറെ പ്രയോജനകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം നേരത്തേ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും വ്യക്തമാക്കി.
സർക്കാർ പദ്ധതിയുടെ ഭാഗമായി എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങുന്നതിനുള്ള സാധ്യതയും ചർച്ച ചെയ്തു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുടങ്ങിക്കിടക്കുന്ന ചില കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പരിശോധനകൾക്കുശേഷം ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചതായും എം.എൽ.എ.യുടെ പോസ്റ്റിൽ പറയുന്നു.
ചങ്ങനാശേരിയിലെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി തുടർന്നും ഇടപെടലുകൾ നടത്തുമെന്ന് വിനു ജോബ് വ്യക്തമാക്കി.