
പാരിസ്: വിലക്കയറ്റം, വേതനവർധനയില്ലായ്മ, ഭവനച്ചെലവ്, പൊതുസേവനങ്ങളിലെ പ്രതിസന്ധി എന്നിവയ്ക്കെതിരെ ഫ്രാൻസിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. ശനിയാഴ്ച രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും കലാപവും തീവെപ്പും കൊള്ളയും അരങ്ങേറി. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 1,800 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി 5.5 ലക്ഷം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. പാരിസിൽ മാത്രം 1.1 ലക്ഷം പേർ പങ്കെടുത്തതായാണ് കണക്ക്. എന്നാൽ, സിജിടി തൊഴിലാളി യൂണിയൻ പങ്കാളിത്തം എട്ടുലക്ഷത്തോളമാണെന്ന് അവകാശപ്പെട്ടു. വിദ്യാർഥികൾ, അധ്യാപകർ, തൊഴിലാളി സംഘടനകൾ, കർഷകർ, പെൻഷൻകാർ, യെല്ലോ വെസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി.

അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ തിരക്ക്, സ്കൂളുകളുടെ മോശം അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കെതിരെ സെപ്റ്റംബറിൽ വിദ്യാർഥികൾ ആരംഭിച്ച സമരമാണ് പിന്നീട് ജീവിതച്ചെലവിനെതിരായ രാജ്യവ്യാപക പ്രതിഷേധമായി വളർന്നത്.
ലിമോജസിൽ ചരിത്രപ്രാധാന്യമുള്ള നഗരസഭാ മന്ദിരത്തിന് തീപിടിച്ചു. മാഴ്സെയിൽ നഗരസഭാ മന്ദിരത്തിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ നാശനഷ്ടങ്ങൾ വരുത്തി. ലിയോണിലെ ടൂറിസ്റ്റ് ഓഫീസിനും തീയിട്ടു. പാരിസിലും മറ്റു നഗരങ്ങളിലും വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പാരിസിൽ ഒരു പ്രതിഷേധക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നിരവധി പൊലീസുകാർക്കും പരിക്കേറ്റു. അക്രമങ്ങളെ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കോർണു അപലപിച്ചു. അക്രമങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഞായറാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്.
ജീവിതച്ചെലവും ഭവനപ്രതിസന്ധിയും ഉയർത്തിയുള്ള പ്രതിഷേധങ്ങൾ ഇറ്റലി, പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും നടന്നു. അക്രമങ്ങൾക്ക് പിന്നാലെ ഫ്രാൻസിൽ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും അന്വേഷണം നടത്തുന്നതിനുമുള്ള നടപടികൾ തുടരുകയാണ്.