You are currently viewing ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് വൻ പ്രതികരണം; സ്ഥാപന നിക്ഷേപകരുടെ ഓഹരി വിഹിതത്തിൽ 2.86 മടങ്ങ് അപേക്ഷ

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് വൻ പ്രതികരണം; സ്ഥാപന നിക്ഷേപകരുടെ ഓഹരി വിഹിതത്തിൽ 2.86 മടങ്ങ് അപേക്ഷ

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) തുടക്കത്തിൽ തന്നെ വൻ പ്രതികരണം. ഐപിഒ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കായി (ക്യുഐബി) മാറ്റിവെച്ച ഓഹരി വിഹിതത്തിന് ഇരട്ടിയിലധികം അപേക്ഷ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ 10 മണിയോടെ ക്യുഐബി വിഭാഗത്തിൽ 2.86 മടങ്ങ് അപേക്ഷ ലഭിച്ചതായാണ് വൃത്തങ്ങൾ അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പൊതുഓഹരി വിൽപ്പനയാകുമെന്ന് വിലയിരുത്തപ്പെടുന്ന ഐപിഒയിൽ ബിഡ്ഡിങ് ആരംഭിച്ചതിന് പിന്നാലെ തന്നെ വൻകിട സ്ഥാപന നിക്ഷേപകർ സജീവമായി രംഗത്തെത്തി.

ക്യുഐബി വിഭാഗത്തിനായി ആകെ 4,90,07,827 ഓഹരികളാണ് മാറ്റിവെച്ചിരിക്കുന്നത്. ഐപിഒ ആരംഭിച്ച് വെറും 10 മിനിറ്റിനുള്ളിൽ ഈ വിഭാഗത്തിലെ അപേക്ഷകൾ അനുവദിച്ച ഓഹരി വിഹിതത്തിന് തുല്യമായി. അരമണിക്കൂറിനുള്ളിൽ ആവശ്യം ഇരട്ടിയിലധികമായി ഉയരുകയും ചെയ്തു.

ഐപിഒയുടെ ആദ്യഘട്ടത്തിൽ തന്നെ ലഭിച്ച ഈ പ്രതികരണം വിപണിയിൽ ജിയോ പ്ലാറ്റ്‌ഫോംസിനോടുള്ള സ്ഥാപന നിക്ഷേപകരുടെ താൽപര്യം വ്യക്തമാക്കുന്നതാണ്. രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ പൊതുഓഹരി വിൽപ്പനകളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഐപിഒയുടെ തുടർന്നുള്ള പ്രകടനവും വിപണി നിരീക്ഷകർ ഉറ്റുനോക്കുകയാണ്.

Leave a Reply